വിഴിഞ്ഞം തുറമുഖം;ഒന്നാംഘട്ടം വിജയകരം,അടുത്ത ഘട്ട നിർമ്മാണപ്രവർത്തനങ്ങൾ ജനുവരിയിൽ ; വി എൻ വാസവൻ

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട പ്രവർത്തനം പ്രതീക്ഷിച്ചതിലും ഏറെ വിജയകരമായി മുന്നേറിയെന്നും വാണിജ്യപരമായ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കിയപ്പോൾ, ലക്ഷ്യമിട്ടതിലും നാല് ലക്ഷത്തോളം കണ്ടെയ്നറുകൾ അധികം കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ.
അടുത്ത ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജനുവരിയിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രിയുടെയും അദാനിയുടെയും സൗകര്യം ആരാഞ്ഞ ശേഷമായിരിക്കും അന്തിമ തീയതി പ്രഖ്യാപിക്കുകയെന്നും മന്ത്രി പറഞ്ഞു. പുതിയ കരാർ അനുസരിച്ച്, രണ്ടാം, മൂന്നാം, നാലാം ഘട്ടങ്ങൾ 2028-ഓടു കൂടി പൂർത്തീകരിക്കും. ഇതോടെ വിഴിഞ്ഞം ലോകം ശ്രദ്ധിക്കുന്ന തുറമുഖമായി മാറുമെന്നും മന്ത്രി പറഞ്ഞു.വിഴിഞ്ഞത്ത് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിഴിഞ്ഞത്ത് തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച ആലോചനായോഗത്തിന് ശേഷമാണ് മന്ത്രി വിവരങ്ങൾ പങ്കുവെച്ചത്
2024 ഡിസംബർ 3-നാണ് എൻജിനീയർമാർ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്ന് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുറമുഖത്തിന്റെ ആദ്യ വർഷത്തെ ലക്ഷ്യം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് 636 കപ്പലുകൾ വരികയും 14 ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
ഏഷ്യൻ ഭൂഖണ്ഡത്തിലെ തീരങ്ങളിൽ മുൻപ് വന്നിട്ടില്ലാത്ത എംഎസ്സി ടർക്കി, എംഎസ്സി ഐറീന, എംഎസ്സി വെറോന ഉൾപ്പെടെയുള്ള ലോകത്തിലെ തന്നെ ഏറ്റവും കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്ത് എത്തിയിരുന്നു.
തുറമുഖത്തിന്റെ രണ്ടും, മൂന്നും, നാലും ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിയെന്നും മന്ത്രി പറഞ്ഞു.രണ്ടാം ഘട്ടത്തിൽ, നിലവിലുള്ള 800 മീറ്റർ ബർത്ത് 1200 മീറ്റർ കൂടി വർദ്ധിപ്പിച്ച് 2000 മീറ്റർ ബർത്താക്കി മാറ്റും. ഇതോടെ കൂറ്റൻ കപ്പലുകൾക്ക് ഒരേസമയം വന്നു ചരക്കിറക്കാൻ സാധിക്കും. കൂടാതെ, നിലവിലുള്ള 2.96 കിലോമീറ്റർ ബ്രേക്ക് വാട്ടർ 920 മീറ്റർ കൂടി വർദ്ധിപ്പിച്ച് 3900-ൽ പരം മീറ്ററാക്കി മാറ്റുമെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു.




