21.6 C
Iritty, IN
November 22, 2024
  • Home
  • Thiruvanandapuram
  • ആശുപത്രികൾ സുസജ്ജം ; 25 ഇടത്ത്‌ 194 പുതിയ ഐസിയു , 19 ആശുപത്രികളിൽ 146 എച്ച്ഡിയു യൂണിറ്റ്‌
Thiruvanandapuram

ആശുപത്രികൾ സുസജ്ജം ; 25 ഇടത്ത്‌ 194 പുതിയ ഐസിയു , 19 ആശുപത്രികളിൽ 146 എച്ച്ഡിയു യൂണിറ്റ്‌


തിരുവനന്തപുരം
കോവിഡ്‌ മൂന്നാംതരംഗത്തെ നേരിടാൻ സംസ്ഥാനത്ത്‌ ആശുപത്രികൾ സുസജ്ജം. ഐസിയു, വെന്റിലേറ്റർ, ഓക്‌സിജൻ, ശിശുരോഗ സൗകര്യങ്ങൾ എന്നിവ വൻതോതിൽ വർധിപ്പിച്ചു. മെഡിക്കൽ കോളേജ്‌ ആശുപത്രികളിലും ജില്ലാ, താലൂക്ക്‌ ആശുപത്രികളിലുമായി 400 ഐസിയു, ജീവൻ രക്ഷാസംവിധാന(എച്ച്‌ഡിയു)യൂണിറ്റുകളാണ് അധികമായി സജ്ജമാക്കിയത്. ഇവയിൽ 1588 അധിക കിടക്കയും 381 വെന്റിലേറ്ററും ഒരുക്കി. സർക്കാർ മേഖലയിൽ നിലവിലുള്ള 3,107 ഐസിയു കിടക്കകൾക്കും 2293 വെന്റിലേറ്ററുകൾക്കും പുറമെയാണിത്‌. ഇതിൽ 11.8 ശതമാനം മാത്രമാണ്‌ ഇപ്പോൾ ഉപയോഗത്തിലുള്ളത്‌. ഇതിനു പുറമെ സ്വകാര്യ മേഖലയിൽ 7468 ഐസിയു കിടക്കകളും 2432 വെന്റിലേറ്ററുകളും ലഭ്യമാണ്‌.

ഇരുപത്തഞ്ച് താലൂക്ക്‌, ജില്ലാ ആശുപത്രികളിലായി 194 പുതിയ ഐസിയു, 19 ആശുപത്രിയിലായി 146 എച്ച്‌ഡിയു, 10 ആശുപത്രിയിലായി 36 പീഡിയാട്രിക് ഐസിയു എന്നിവയാണ്‌ പുതുതായി സജ്ജമാക്കിയത്‌. തിരുവനന്തപുരം എസ്എടി, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രികളിൽ 12 കിടക്കവീതമുള്ള ഐസിയു, എച്ച്‌ഡിയു കിടക്കകളും ഒരുക്കി. പുതിയ 381 വെന്റിലേറ്റർ സജ്ജമാക്കി. 147 ഹൈ ഫ്‌ളോ വെന്റിലേറ്റർ വിതരണം പുരോഗമിക്കുന്നു. മറ്റ്‌ മെഡിക്കൽ കോളേജുകളിൽ 239 ഐസിയു, ഹൈ കെയർ കിടക്കകൾ, 222 വെന്റിലേറ്റർ, 85 പീഡിയാട്രിക് ഐസിയു കിടക്ക, 51 പീഡിയാട്രിക് വെന്റിലേറ്റർ, 878 ഓക്‌സിജൻ കിടക്ക, 113 സാധാരണ കിടക്ക എന്നിവ ഉൾപ്പെടെ 1588 കിടക്കയും പുതുതായി സജ്ജമാക്കി. ദ്രവീകൃത ഓക്‌സിജൻ സംഭരണ ശേഷി വർധിപ്പിച്ചിട്ടുണ്ട്‌. നിലവിൽ 1817.54 ടൺ സംഭരണ ശേഷിയുണ്ട്. 159.6 ടൺ അധിക സംഭരണശേഷിയാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു.

സമ്പർക്കവിലക്കിലുള്ള ഡോക്ടർമാരും ഇ സഞ്ജീവനി ടെലി മെഡിസിൻ സേവനങ്ങൾ നൽകുന്നത് അഭിനന്ദനാർഹമാണെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ഗൃഹപരിചരണം സംബന്ധിച്ച് ആർആർടി, വാർഡ് സമിതി അംഗങ്ങൾ, ആശാവർക്കർമാർ, തദ്ദേശ സ്ഥാപന ജീവനക്കാർ, വനിതാ ശിശുവികസന വകുപ്പിന് കീഴിലെ അങ്കണവാടി ഐസിഡിഎസ് പ്രവർത്തകർ എന്നിവർക്ക് ശനിയാഴ്ച പരിശീലനം നൽകും–- മന്ത്രി പറഞ്ഞു.

ആശുപത്രികളിൽ 3 ശതമാനം പേർ മാത്രം
സംസ്ഥാനത്ത്‌ നിലവിലുള്ള മൂന്ന്‌ ലക്ഷത്തോളം കോവിഡ്‌ ബാധിതരിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്‌ മൂന്ന്‌ ശതമാനം മാത്രം. സർക്കാർ മുൻകൈയിൽ മുഴുവനാൾക്കും പ്രതിരോധ വാക്‌സിൻ ലഭ്യമാക്കാൻ നടത്തിയ കഠിന പരിശ്രമത്തിന്റെ ഭാഗമായാണ്‌ അതിതീവ്ര വ്യാപനമുണ്ടായിട്ടും ഗുരുതരമല്ലാത്ത സ്ഥിതിയിൽ നിയന്ത്രിക്കാനായത്‌.

ടിപിആർ ഉയരുന്നത്‌ 
സ്വാഭാവികം
കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാനദണ്ഡമനുസരിച്ച്‌ രോഗലക്ഷണമുണ്ടെങ്കിൽ മാത്രമാണ്‌ പരിശോധന. അതിനാൽ ടിപിആർ നിരക്ക്‌ ഉയരുക സ്വാഭാവികം.

ഓഫീസുകളിൽ അണുബാധ നിയന്ത്രണസംഘം
സ്ഥാപനങ്ങളിലും ഓഫീസുകളിലും അണുബാധ നിയന്ത്രണ സംഘം(ഇൻഫെക്‌ഷൻ കൺട്രോൾ ടീം–-ഐസിടി) രൂപീകരിക്കണം. തെരഞ്ഞെടുത്ത അംഗങ്ങൾക്ക് പരിശീലനം നൽകണം. ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് പ്രധാന ഉത്തരവാദിത്വം.

അടച്ചുപൂട്ടൽ 
അവസാന മാർഗം: മന്ത്രി
കോവിഡ്‌ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും അടച്ചുപൂട്ടൽ അവസാന മാർഗമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. സ്ഥാപനങ്ങളിലും ഓഫീസുകളിലും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത്‌ ക്ലസ്റ്റർ മാനേജ്‌മെന്റിന് രൂപം നൽകിയതായും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.

ക്ലസ്റ്റർ മാനേജ്‌മെന്റ്
ഒരേ ഓഫീസ് മുറിയിലോ സ്ഥാപനത്തിലോ ക്ലാസിലോ അല്ലെങ്കിൽ ഒരേ പ്രദേശത്തോ പ്രവർത്തിക്കുന്നവർക്കിടയിൽ രണ്ടിലധികം പേർക്ക്‌ ഏഴ് ദിവസത്തിനുള്ളിൽ രോഗം വരുമ്പോഴാണ്‌ ക്ലസ്റ്റർ രൂപപ്പെടുന്നത്. ക്ലസ്‌റ്ററിൽ രോഗം വരാൻ സാധ്യതയുള്ളവരെ സമ്പർക്കവിലക്കിൽ ആക്കണം. എൻ 95 മാസ്‌കിന്റെ ഉപയോഗം, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം. ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ മാസ്‌ക് നീക്കം ചെയ്യുമ്പോഴാണ് ഓഫീസിൽ വ്യാപനമുണ്ടാകുന്നത്. ഓഫീസുകളിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

ലാർജ്‌ ക്ലസ്‌റ്റർ
പത്ത്‌ ആളുകളിലധികം കോവിഡ് ബാധിച്ചാൽ ആ പ്രദേശം ലാർജ് ക്ലസ്റ്ററാകും. പത്തിലധികം പേർക്ക് രോഗമുള്ള അഞ്ച്‌ ക്ലസ്റ്ററുകളിലധികം ഉണ്ടെങ്കിൽ പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം അഞ്ച്‌ ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിക്കാം.

Related posts

സിൽവർ ലൈൻ അർധ അതിവേഗപ്പാത : സാമൂഹ്യാഘാതപഠന റിപ്പോർട്ട്‌ മേയിൽ

Aswathi Kottiyoor

ആർ നോട്ട് ശരാശരി നാലായി; കോവിഡ് രോഗികളുടെ എണ്ണം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇരട്ടിയാവുന്നു….

Aswathi Kottiyoor

ദേശീയപതാക വിതരണം; റെയിൽവേ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന്‌ പണം പിടിക്കും..

Aswathi Kottiyoor
WordPress Image Lightbox