Uncategorized

ഇടതുകോട്ട തകർന്നു, ഇനി ‘താമരത്തലസ്ഥാനം’; കോർപറേഷനിൽ ബിജെപിക്ക് ചരിത്ര ജയം: നേട്ടമുണ്ടാക്കി യുഡിഎഫ്

തിരുവനന്തപുരം∙ 30 വർഷത്തോളം തുടർച്ചയായി ഇടതു കോട്ടയായിരുന്ന തിരുവനന്തപുരം കോർപറേഷനിൽ ശക്തമായ മുന്നേറ്റം നടത്തി ബിജെപി. സംസ്ഥാനത്താകെ അലയടിച്ച ഭരണവിരുദ്ധ വികാരത്തിൽ ഭരണസിരാകേന്ദ്രത്തിലും എൽഡിഎഫിനു വൻ തിരിച്ചടിയാണ് നേരിട്ടത്. എൽഡിഎഫിന്റെ പകുതിയോളം സീറ്റുകൾ ബിജെപിയും കോൺഗ്രസും പിടിച്ചെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽനിന്നു നയിച്ച തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വരും ദിവസങ്ങളിൽ എൽഡിഎഫിലും സിപിഎമ്മിലും വലിയ രാഷ്ട്രീയ ചർച്ചകൾക്കു വഴിതെളിക്കും. ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് കേരളത്തിൽ ഒരു കോർപറേഷൻ ഭരിക്കാനുള്ള കളമൊരുങ്ങിയിരിക്കുന്നത്.

2020ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കോർപറേഷൻ ഭരണത്തിലേക്കാണ് ഇക്കുറി ബിജെപി കടന്നുകയറാൻ ഒരുങ്ങുന്നത്. വോട്ടെണ്ണൽ തുടങ്ങിയ ഘട്ടം മുതൽ എൽഡിഎഫുമായി ഒപ്പത്തിനൊപ്പം പോരടിച്ചുനിന്ന എൻഡിഎ പന്നീട് കുതിച്ചുകയറുകയായിരുന്നു. മുൻ ഡിജിപി ശ്രീലേഖയെയാണ് ബിജെപി മേയർസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരുന്നത്. 2015 ലും 2020 ലും ബിജെപിക്ക് 35 സീറ്റ് വീതമാണ് ലഭിച്ചത്. 2020ൽ 10 സീറ്റിലേക്കു ചുരുങ്ങിപ്പോയ യുഡിഎഫും ഇത്തവണ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കെ.മുരളീധരൻ മുന്നിൽനിന്നു നയിച്ച് കെ.എസ്.ശബരീനാഥിനെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ വരവ്.

അതേസമയം, 2010 ൽ 51 സീറ്റും 2015 ൽ 43 സീറ്റും 2020 ൽ 53 സീറ്റും നേടിയ എൽഡിഎഫ് പകുതിയോളം സീറ്റുകൾ നഷ്ടപ്പെട്ട് തകർന്നടിഞ്ഞു. കെട്ടിടനികുതി തട്ടിപ്പ് ആരോപണം, ജോലി നിയമനത്തിനുള്ള കത്തു വിവാദം, മേയർ ആര്യ രാജന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞെന്ന പേരിലുണ്ടായ പ്രശ്നം തുടങ്ങി തുടർച്ചയായി ഉയർന്ന വിവാദങ്ങൾ ഇടതുഭരണസമിതിയുടെ ശോഭ കെടുത്തിയത് ഭരണസിരാകേന്ദ്രത്തിൽ ജനവിധി എതിരാക്കുന്നതിൽ നിർണായകമായെന്നു തന്നെ കരുതണം. കേന്ദ്രഫണ്ട് വിനിയോഗത്തിലെ തട്ടിപ്പുകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടത്തിയ അതിശക്തമായ ക്യാംപെയ്ൻ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും ഫലം സൂചിപ്പിക്കുന്നു.

കോർപറേഷൻ ഭരണ സമിതിക്കെതിരേ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാനും മുഖ്യപ്രതിപക്ഷം എന്ന നിലയിൽ പ്രവർത്തിക്കാനും കഴിഞ്ഞത് ബിജെപിക്കു കരുത്തായി. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്, ബിജെപി നേതാക്കളായ തിരുമല അനിലും ആനന്ദ് കെ. തമ്പിയും മരിച്ചത് സിപിഎം തിരഞ്ഞെടുപ്പു വിഷയമായി ഉയർത്തിയെങ്കിലും രാജീവ് ചന്ദ്രശേഖർ തന്നെ നേരിട്ടു രംഗത്തിറങ്ങി പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചിരുന്നു. പാർട്ടിയുമായി ഇടഞ്ഞുനിന്നിരുന്ന എം.എസ്.കുമാർ ഉൾപ്പെടെയുള്ള നേതാക്കളുമായി രാജീവ് ചന്ദ്രശേഖർ നേരിട്ടു ചർച്ച നടത്തി. ആർഎസ്എസും ശക്തമായി രംഗത്തുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button