23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നാലുവയസ്സുകാരിക്കായി നാടുമുഴുവൻ തിരച്ചിൽ; ഒടുവിൽ കണ്ടെത്തിയപ്പോൾ ‘ഞെട്ടൽ
Kerala

നാലുവയസ്സുകാരിക്കായി നാടുമുഴുവൻ തിരച്ചിൽ; ഒടുവിൽ കണ്ടെത്തിയപ്പോൾ ‘ഞെട്ടൽ

ആലപ്പുഴ∙ ഉറങ്ങിക്കിടന്ന നാലു വയസ്സുകാരിയെ കാൺമാനില്ല!, ബുധനാഴ്ച രാവിലെ പത്തു മുതൽ 11 വരെയുള്ള സമയം; ആലപ്പുഴ ജില്ലയിൽ എല്ലാ പൊലീസ് സംവിധാനങ്ങളും ജാഗരൂഗമായി!. റിവ്യൂ മീറ്റിങ്ങ് പോലും റദ്ദാക്കി എസ്പി ജയ്ദേവ് ഉൾപ്പടെയുള്ള സംഘം കുഞ്ഞിന്റെ വീട്ടിലെത്തി. മുഴുവൻ എയ്‍ഡ് പോസ്റ്റുകളിലും നാലു വയസ്സുകാരിയെ തിരഞ്ഞുകൊണ്ടിരുന്നു. കുട്ടിയെ കാണാതായെന്ന വാട്സാപ് സന്ദേശം വിവിധ ഗ്രൂപ്പുകളിലൂടെ വൈറലായതോടെ നാട്ടുകാരും തിരച്ചിലിനിറങ്ങി. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങി എല്ലായിടത്തും അന്വേഷണം, പരിശോധന.
ആലപ്പുഴക്കാരുടെ മനസിലെ ഉണങ്ങാത്ത മുറിവായി കിടക്കുന്ന 2005ൽ കാണാതായ രാഹുൽ മുതൽ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽനിന്നു പിഞ്ചു കുഞ്ഞു മോഷ്ടിക്കപ്പെട്ട സംഭവം വരെ മിന്നി മറഞ്ഞു. ആശങ്കകളുടെ മണിക്കൂറുകൾക്കു വിരാമമായത് 11 മണിക്ക് അലമാരയുടെ മറവിൽ നിന്ന് ഉറക്കം മതിയാക്കി കുട്ടി എഴുന്നേറ്റു വന്നതോടെ. രാവിലെ ഒമ്പതര വരെ കട്ടിലിൽ കിടന്നുറങ്ങിയ കുട്ടി എപ്പോഴാണ് എഴുന്നേറ്റു പോയി അലമാരയുടെ മറവിൽ കിടന്നതെന്നു വീട്ടുകാർ ആരും കണ്ടില്ലത്രെ.9.40നാണ് ഉറങ്ങിക്കിടന്നിടത്തു കുട്ടിയെ കാണാനില്ലെന്നു തിരിച്ചറിയുന്നത്. ഇതോടെ കുഞ്ഞിനെ നോക്കുന്ന ബന്ധുവിന്റെ മനസിൽ തീയാളി. കുഞ്ഞിന്റെ അമ്മയോടും അച്ഛനോടും ഇനി എന്തു മറുപടി പറയുമെന്നറിയാതെ അവർ അങ്കലാപ്പിലായെന്നു മാത്രമല്ല, കരയാനും തുടങ്ങി. കുഞ്ഞിന്റെ അമ്മയ്ക്കു ജോലിയുള്ളതിനാൽ രണ്ടാം മാസം മുതൽ കുഞ്ഞിന്റെ ഒരു ബന്ധുവാണു നോക്കി വളർത്തുന്നത്. വീട്ടുകാരും പരിസരവാസികളും വീടും പരിസരവും മുഴുവൻ പരിശോധിച്ചു. ഇതിനിടെ ‘ഒരു തമിഴ് സ്ത്രീ അതുവഴി ഓട്ടോയിൽ പോകുന്നതു കണ്ടു’ എന്ന ആരുടെയോ വാക്കുകൾ. ഇതോടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയെന്ന് ഉറപ്പിച്ചു.

പത്തുമണി വരെ തിരഞ്ഞിട്ടും കാണാതായതോടെ പൊലീസിൽ അറിയിക്കാൻ തീരുമാനിച്ചു. ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. ഉടനെ വിവരം ജില്ലാ ആസ്ഥാനത്തെത്തി. എസ്പി ഉൾപ്പടെയുള്ളവർ കുഞ്ഞിനെ കണ്ടുപിടിക്കാൻ രംഗത്തിറങ്ങി. മുഴുവൻ പൊലീസ് സംവിധാനങ്ങളും കുഞ്ഞിനായി തിരച്ചിൽ ആരംഭിച്ചു. ജില്ലാ പൊലീസ് മുഴുവൻ മുൾമുനയിൽ നിന്ന ഒരു മണിക്കൂർ!. കുഞ്ഞ് ഉറക്കം മതിയാക്കി എഴുന്നേറ്റു വരുന്നതു കണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു. ഉറങ്ങിക്കിടന്ന സ്ഥലം കാണിച്ചു കൊടുത്തു. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കുഞ്ഞ് അലമാരയ്ക്കും ഭിത്തിക്കും ഇടയിലെ ചെറിയ സ്ഥലത്തു പോയി കിടക്കുകയായിരുന്നത്രെ. കുഞ്ഞ് വീട്ടിൽ തന്നെയുണ്ടെന്ന് അറിഞ്ഞതോടെയാണ് ആശങ്ക ഒഴിഞ്ഞത്. മുഴുവൻ വാട്സാപ് ഗ്രൂപ്പുകളിലും കുഞ്ഞിനെ കണ്ടെത്തിയ വിവരം കൈമാറി. യുകെയിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും വരെ കുഞ്ഞിനെ കിട്ടിയോ എന്നു ചോദിച്ചു വിളി വന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.

Related posts

കൂത്തുപറമ്പില്‍ നാടക മഹാമേള സെപ്തംബര്‍ 4 മുതല്‍ 9 വരെ*

Aswathi Kottiyoor

വെജിറ്റബിൾ ടൂറിസം ഹബാവാൻ കണ്ണൂർ ജില്ല ഒരുങ്ങുന്നു

Aswathi Kottiyoor

ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

WordPress Image Lightbox