24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഓര്‍മയായി, ആനവണ്ടിയുടെ ആനവരക്കാരന്‍; 3000 ബസുകളിലുണ്ട് തലയെടുപ്പോടെ ആ ചിത്രങ്ങള്‍.
Kerala

ഓര്‍മയായി, ആനവണ്ടിയുടെ ആനവരക്കാരന്‍; 3000 ബസുകളിലുണ്ട് തലയെടുപ്പോടെ ആ ചിത്രങ്ങള്‍.

കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഔദ്യോഗികമുദ്രയായ ആനച്ചിത്രങ്ങള്‍ വരച്ച ആര്‍ട്ടിസ്റ്റ് മാധവന്‍കുട്ടി ഇനി ഓര്‍മ. കെ.എസ്.ആര്‍.ടി.സി.യില്‍ 35 വര്‍ഷം ആര്‍ട്ടിസ്റ്റ് കം ഫോട്ടോഗ്രാഫറായി ജോലിചെയ്ത കണ്ടാണശ്ശേരി അഭിലാഷ് ഭവനില്‍ മാധവന്‍കുട്ടി (71) യാത്രയായപ്പോള്‍ ആനവണ്ടികളില്‍ അദ്ദേഹം വരച്ച ചിത്രങ്ങള്‍ ‘തലയെടുപ്പോടെ’യുണ്ട്.

ആനകള്‍ മുഖാമുഖംനിന്ന് തുമ്പിയുയര്‍ത്തി നില്‍ക്കുന്ന ചിത്രം അദ്ദേഹം മൂവായിരത്തിലേറെ ബസുകളില്‍ വരച്ചിട്ടുണ്ട്. 1973-ല്‍ ഏറ്റുമാനൂര്‍ ഡിപ്പോയിലായിരുന്നു ആര്‍ട്ടിസ്റ്റായി നിയമനം. ചെറുപ്പംമുതലേ ആനകളെ വരയ്ക്കുന്നത് ഇഷ്ടമായിരുന്നതിനാല്‍ ജോലി അദ്ദേഹത്തിന് എന്നും ഹരമായിരുന്നു.

മാധവന്‍കുട്ടി ജോലിക്ക് കയറുന്നതിനു മുമ്പുണ്ടായിരുന്ന ആനച്ചിത്രത്തില്‍ ചെറിയൊരു മാറ്റം വരുത്തി. ആനകളുടെ തലയെടുപ്പും കൊമ്പിന്റെ നീളവും കൂട്ടി. അതോടെ മാധവന്‍കുട്ടി ശ്രദ്ധേയനായി. കോട്ടയം, കൊട്ടാരക്കര, മാവേലിക്കര, അടൂര്‍, കായംകുളം, കരുനാഗപ്പിള്ളി, കൊല്ലം സ്റ്റേഷനുകളിലും ജോലിചെയ്തു. ഏറ്റവും ഒടുവില്‍ ഗുരുവായൂര്‍ ഡിപ്പോയിലെത്തി. വിരമിച്ചശേഷം ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയില്‍ സ്ഥിരതാമസമാക്കി.

പിന്നീട് വന്ന ആര്‍ട്ടിസ്റ്റുകള്‍ മാധവന്‍കുട്ടിയുടെ ശൈലിയാണ് പിന്തുടര്‍ന്നത്. ബസുകളിലെ ആനച്ചിത്രങ്ങള്‍ക്ക് പുതുമ കൊണ്ടുവന്നതോടെ മാധവന്‍കുട്ടി കെ.എസ്.ആര്‍.ടി.സി.യില്‍ തലയെടുപ്പുള്ള ചിത്രകാരനായി അറിയപ്പെട്ടു. ഏറ്റവും ഒടുവിലാണ് ഗുരുവായൂര്‍ ഡിപ്പോയിലെത്തുന്നത്. ആനകള്‍ വളരുന്ന ഗുരുവായൂരില്‍നിന്നുതന്നെ ആനച്ചിത്രകാരനായി വിരമിച്ചതിന്റെ സന്തോഷവും അദ്ദേഹത്തിനുണ്ട്.

1965-ല്‍ ലളിതകലാ അക്കാദമിയുടേതടക്കം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അടുത്തിടെ കണ്ടാണശ്ശേരി മാക് കലാകൂട്ടായ്മ അദ്ദേഹത്തെ ആദരിച്ചു. അറിയപ്പെടുന്ന നാഗസ്വരവിദ്വാനായിരുന്ന കൊട്ടാരക്കര വെട്ടിക്കവല ഉമ്മിണിയുടെയും കാര്‍ത്ത്യായനിയുടെയും മകനാണ്. ഭാര്യ: സരള. മക്കള്‍: അഭിലാഷ് (ന്യൂഡല്‍ഹി), ആശ. മരുമക്കള്‍: സുമ (ന്യൂഡല്‍ഹി), സുധീരന്‍ (ദുബായ്). സംസ്‌കാരം വെള്ളിയാഴ്ച.

Related posts

മങ്കിപോക്സ് രോഗനിർണയം സംസ്ഥാനത്ത് ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കുറഞ്ഞ നിർമാണ പെർമിറ്റ്‌ ഫീസ്‌ കേരളത്തിൽ ; പുതുക്കിയതിന്‌ എതിരെ ദുഷ്‌പ്രചാരണം

Aswathi Kottiyoor

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ

Aswathi Kottiyoor
WordPress Image Lightbox