പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ശബരിമലയിൽ എത്താൻ സാധ്യത; ശേഷം, രാഷ്ട്രപതി ഉപയോഗിച്ച ഗൂർഖവാഹനം ആംബുലൻസാകുമോ?

ശബരിമല ∙ ശരണവഴിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു മലകയറാൻ ഉപയോഗിച്ച ഗൂർഖവാഹനം ദേവസ്വം ബോർഡിന്റെ ശബരിമല ആംബുലൻസായി മാറ്റുന്നതിനെപ്പറ്റി ആലോചനകൾ. കഴിഞ്ഞ മണ്ഡല–മകരവിളക്കു കാലത്ത് കോയമ്പത്തൂർ മെഡിക്കൽ സർവീസിലെ ഡോക്ടർമാർ അടങ്ങിയ 7 അംഗ സംഘമാണ് ആംബുലൻസായി ഉപയോഗിക്കാൻ വാഹനം വാങ്ങി നൽകിയത്.
ശബരി മെഡിക്കൽ സർവീസിലെ മണികണ്ഠൻ, ഡോ.വിനോദ് ദേവരാജൻ, ഡോ.ഹരിബാബു, ഡോ.ഗണപതി, ഡോ.ശരണവണൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. വാഹനം ലഭിച്ച് ഏതാനും ദിവസത്തിനുള്ളിലാണ് രാഷ്ട്രപതിയുടെ സന്ദർശന അറിയിപ്പ് ലഭിക്കുന്നത്. തുടർന്നു പൊലീസുമായി നടത്തിയ ചർച്ചയിലാണ് രാഷ്ട്രപതിയുടെ യാത്രയ്ക്ക് ഉപയോഗിക്കാൻ തീരുമാനിച്ചത്.
ഒക്ടോബർ 22ന് ആണ് രാഷ്ട്രപതി ദർശനത്തിന് എത്തിയത്. ഇപ്പോൾ വാഹനം ദേവസ്വം ബോർഡ് ആസ്ഥാനത്തു മാറ്റിയിട്ടിരിക്കുകയാണ്. ഇത് ശബരിമലയിൽ ആംബുലൻസായി ഉപയോഗിക്കണമെന്നാണ് സ്പോൺസറുടെ ആഗ്രഹം. അതുനടപ്പാക്കാൻ ദേവസ്വം ബോർഡും തയാറാണ്. എന്നാൽ, ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയോ പ്രധാനമന്ത്രിയോ ശബരിമല എത്താനുള്ള സാധ്യതയുണ്ടെന്ന സൂചന ബിജെപി കേന്ദ്രങ്ങൾ പറയുന്നുണ്ട്.
അതിനുശേഷം ആംബുലൻസായി എത്തിച്ചാൽ മതിയെന്ന അഭിപ്രായവും ദേവസ്വം ബോർഡിലുണ്ട്. എന്നാൽ, സന്നിധാനത്തുനിന്നു മൃതദേഹങ്ങൾ ചുമന്നു കൊണ്ടുപോകുന്നത് ഒഴിവാക്കി ആംബുലൻസ് ഉപയോഗിക്കണമെന്ന ഹൈക്കോടതി നിർദേശവും ബോർഡിനു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒരു വാഹനം രോഗികൾക്കുള്ള ആംബുലൻസായും രണ്ടാമത്തേത് മൃതദേഹങ്ങൾ കൊണ്ടുപോകാനും ഉപയോഗിക്കാനുള്ള ആലോചന നടക്കുന്നു.




