മുൻ കൗൺസിലർ മന്ത്രിയായെങ്കിൽ മുൻ എംഎൽഎ പഞ്ചായത്തംഗം ആകണ്ടേ ! ഈ വീട് മന്ത്രിക്കും എംഎൽഎക്കും കൗൺസിലർക്കും സ്വന്തം

ഭാര്യ എംഎൽഎ ആയിരുന്നപ്പോൾ ഭർത്താവ് കോർപറേഷൻ കൗൺസിലർ. വർഷങ്ങൾ കഴിഞ്ഞ് ഭർത്താവ് എംഎൽഎയും മന്ത്രിയുമായപ്പോൾ മുൻ എംഎൽഎയായ ഭാര്യ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. മന്ത്രി ജി.ആർ. അനിലിന്റെയും ഭാര്യ മുൻ എംഎൽഎ ആർ. ലതാദേവിയുടെയും വീട്ടിലാണ് ഈ സഭാഐക്യം. പക്ഷേ മന്ത്രി ഭാര്യയ്ക്ക് വേണ്ടി പ്രചാരണത്തിന് പോകുന്നില്ല. അതിനു കാരണം വേറെയാണ്. 10 വർഷം തിരുവനന്തപുരം കോർപറേഷനിലെ നേമം വാർഡിലെ കൗൺസിലറായിരുന്നു ജി.ആർ.അനിൽ. 5 വർഷം ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. അനിൽ കൗൺസിലറായിരുന്ന കാലയളവിൽ ഭാര്യ ആർ. ലതാദേവി കേരള നിയമസഭയിൽ എംഎൽഎ ആയിരുന്നു. ഇപ്പോൾ ലതാദേവി ചടയമംഗലത്ത് നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുമ്പോൾ അനിലാകട്ടെ സംസ്ഥാന മന്ത്രിസഭയിൽ അംഗവും.
പുതിയ തലമുറ കടന്നുവരാൻ അവസരമൊരുക്കുക എന്നതാണ് മുഖ്യമായ വിഷയമെന്നും ഇനി ഒരു അവസരം കിട്ടിയാൽ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കില്ലെന്നും മന്ത്രി ജി.ആർ. അനിൽ. ഭാര്യ ആർ. ലതാദേവി മത്സരിക്കുന്ന ചടയമംഗലത്ത് ഇതുവരെ പ്രചാരണത്തിനു പോയില്ല. അവിടെ പ്രചാരണത്തിനു പോകേണ്ട ആവശ്യമില്ല. അതിന് പ്രാപ്തിയുള്ള പാർട്ടി അവിടെയുണ്ടെന്നും ജി.ആർ. അനിൽ.




