കോവിഡ് മഹാമാരി വലിയ വെല്ലുവിളി ഉയർത്തുന്ന ഇക്കാലത്ത് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ചുകൊണ്ട് രോഗവ്യാപനം തടയുക എന്ന സിദ്ധ ചികിത്സാ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിന് വളരെയധികം പ്രസക്തിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശ പ്രകാരം കോവിഡിന് പ്രത്യേകമായ പ്രോട്ടോകോൾ തന്നെ സിദ്ധ വിഭാഗത്തിന്റെതായി നിലവിലുണ്ട്. കോവിഡ് വ്യാപന സമയത്ത് ആയുർവേദത്തിലെയും സിദ്ധയിലെയും വിദഗ്ധരെ ഉൾപ്പെടുത്തി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ആയുർവേദ കോവിഡ് 19 റെസ്പോൺസ് സെല്ലുകൾ ആരംഭിച്ചു. ഇക്കാലത്ത് വിവിധ സിദ്ധ സ്ഥാപനങ്ങൾ വഴി രണ്ടര ലക്ഷത്തോളം ആളുകൾക്ക് സേവനം നൽകാനായെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിപ്പോൾ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ ഒരു സിദ്ധ ആശുപത്രി തിരുവനന്തപുരം വള്ളക്കടവിലും 8 സിദ്ധ ഡിസ്പെൻസറികൾ വിവിധ ജില്ലകളിലും പ്രവർത്തിക്കുന്നു. ഇതുകൂടാതെ നിലവിൽ 8 ജില്ലാ ആയുർവേദ ആശുപത്രികളിലും സിദ്ധ ചികിത്സാ സംവിധാനം പുതുതായി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 29 സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ഇതുകൂടാതെ ‘മകളിർ ജ്യോതി’ എന്ന പേരിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക ചികിത്സാ പദ്ധതി ആറ് യൂണിറ്റുകളിലായി പ്രവർത്തിച്ചുവരുന്നു. ഈ മേഖലയുടെ പ്രാധാന്യം സർക്കാരിന്റെ മുഖ്യ പരിഗണനയിൽ തന്നെയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടൊപ്പം ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി പൊതുജനങ്ങൾക്കായി തയ്യാറാക്കിയ ‘സിദ്ധ ചികിത്സ ആമുഖം’ എന്ന ബുക്ക്ലെറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. സജിത് ബാബു, ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ്, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, ഡോ. എ. കനകരാജൻ, ഡോ. വി.എ. രാഹുൽ, ഡോ. പി.ആർ. സജി, ഡോ. ഷൈജു എന്നിവർ പങ്കെടുത്തു.