Uncategorized

മൻമോഹൻ സിങിന്‍റെ സ്മാരക വിവാദത്തിൽ മൗനം പാലിച്ച് കുടുംബം; രാഷ്ട്രീയ ചർച്ചകളിൽ നിന്ന് മാറിനിൽക്കാൻ തീരുമാനം

ദില്ലി: മൻമോഹൻ സിങിന്‍റെ സ്മാരക വിവാദത്തിൽ മൗനം പാലിച്ച് കുടുംബം. തത്കാലം രാഷ്ട്രീയ ചർച്ചകളിൽ നിന്ന് മാറി നിൽക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. കേന്ദ്ര സർക്കാരിന്‍റെ നടപടിക്കായി കാത്തു നിൽക്കുന്നുവെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇപ്പോഴത്തെ വിവാദങ്ങളിൽ കുടുംബത്തിന് വിഷമമുണ്ടെന്നാണ് വിവരം. അതേസമയം മൻമോഹൻ സിങിന്‍റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിൽ നിന്ന് കോൺഗ്രസ് വിട്ടു നിന്നെന്ന് ബിജെപി കുറ്റപ്പെടുത്തി.

സംസ്കാരത്തിന് പ്രത്യേക സ്ഥലം അനുവദിക്കാതെ നിഗംബോധ് ഘട്ടിൽ സംസ്കരിച്ചതിലൂടെ മൻമോഹൻ സിങിനെ കേന്ദ്രം അവഹേളിച്ചെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. മുൻപ്രധാനമന്ത്രിമാർ അന്തരിച്ചാൽ ബഹുമാനസൂചകമായി സംസ്കരിക്കാൻ പ്രത്യേക സ്ഥലം അനുവദിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കോണ്‍ഗ്രസിന്‍റേത് തരംതാഴ്ന്ന രാഷ്ട്രീയക്കളിയാണെന്ന് ബിജെപി മറുപടി നൽകി. സ്മാരകം നിർമിക്കുമെന്ന് കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

സംസ്കാര ചടങ്ങിൽ മൻമോഹൻ സിങിന്‍റെ കുടുംബത്തിന് അർഹിക്കുന്ന പരിഗണന നൽകിയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മുന്‍ നിരയില്‍ മൂന്ന് സീറ്റ് മാത്രമാണ് കുടുംബത്തിന് നല്‍കിയതെന്നും കോണ്‍ഗ്രസ് നേതാക്കൾ നിര്‍ബന്ധം പിടിച്ചപ്പോള്‍ മാത്രമാണ് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചതെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പ്രതികരിച്ചു. ദേശീയ പതാക മന്‍മോഹന്‍ സിങിന്‍റെ ഭാര്യക്ക് കൈമാറിയപ്പോള്‍ പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റ് നിന്നില്ല. ഭൂട്ടാന്‍ രാജാവ് എഴുന്നേറ്റ് നിന്നപ്പോഴും മോദി ഇരിക്കുകയായിരുന്നു. സംസ്ക്കാര സ്ഥലത്ത് അല്‍പം സ്ഥലം മാത്രമാണ് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയത്. പൊതുജനത്തെ ഗേറ്റിന് പുറത്ത് നിര്‍ത്തിയെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയത് സൈന്യമാണെന്നാണ് വിശദീകരണം. മൻമോഹൻ സിങിന്‍റെ കുടുംബത്തിന് അർഹിക്കുന്ന പരിഗണന നൽകി. പ്രധാനമന്ത്രിയടക്കമുള്ളവർക്കൊപ്പം കോൺഗ്രസ് നേതാക്കൾക്കും ഇരിപ്പിടം നൽകിയെന്നും ബിജെപി നേതൃത്വം മറുപടി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button