പ്രായമേ പോയി പണിനോക്ക്! എല്ലാവർക്കും ഇൻഷുറൻസ്, ഫ്ലക്സ് പ്രചാരണമില്ല; 89ാം വയസിൽ കന്നി മത്സരത്തിന് നാരായണൻ നായർ

കൊച്ചി ∙ ‘‘ഫ്ലക്സ് വച്ചിട്ടല്ലല്ലോ കല്യാണം വിളിക്കുന്നത്. അതിന് വീടുകളിൽ പോയിത്തന്നെ പറയണം. അതുപോലെയാണ് വോട്ടു ചോദിക്കുന്നതും. ഞാൻ ഓരോ വീട്ടിലും പോയി വോട്ടു ചോദിക്കും. പോസ്റ്ററോ ഫ്ലക്സോ ഒന്നുമില്ല’’– പ്രായത്തെ തോൽപ്പിക്കുകയാണ് നാരായണന് നായർ. പെരുമ്പാവൂർ അശമന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡായ പുന്നയത്തെ സ്വതന്ത്ര സ്ഥാനാർഥി. പ്രായം വെറും 89. കന്നി മത്സരമാണിത്. സംസ്ഥാനത്തെ ഏറ്റവും പ്രായമേറിയ സ്ഥാനാർഥിയാണ് ചെറുകുന്നം കാര്യത്ത് കുടുംബാംഗമായ നാരായണൻ നായർ. ‘കെറ്റിൽ’ ആണ് നാരായണൻ നായരുടെ ചിഹ്നം.
ജില്ലാ ഹെൽത്ത് എജ്യുക്കേഷൻ ഓഫിസറായി സർക്കാർ സർവീസിൽ നിന്ന് വിരമിച്ച നാരായണൻ നായരോട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്ന് ചോദിച്ചാൽ, വൈകിയിട്ടൊന്നുമില്ല എന്നാണ് ഉത്തരം. മുൻപു രണ്ടു തവണ മത്സരിക്കാൻ ആലോചിച്ചിരുന്നു. ആദ്യതവണ പുന്നയം വനിതാ വാർഡായി. അടുത്ത തവണ മത്സരത്തിനിറങ്ങാൻ ആലോചിക്കുമ്പോൾ പട്ടികജാതി സംവരണ വാര്‍ഡായി. അങ്ങനെ 10 കൊല്ലം മത്സരിക്കാനായില്ലെന്ന് നാരായണൻ നായർ പറയുന്നു.




