Uncategorized

സഞ്ചാരികള്‍ കുടുങ്ങിയ സംഭവം; സ്‌കൈ ഡൈനിങ് ഉടമകള്‍ക്കെതിരെ കേസെടുത്തു; സ്റ്റോപ്പ് മെമ്മോ നല്‍കും

ഇടുക്കി: ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്തു. വെള്ളത്തൂവല്‍ പൊലീസാണ് സ്വമേധയാ കേസെടുത്തത്. സ്ഥാപന ഉടമ ചിറക്കല്‍പുരയിടത്തില്‍ വീട്ടില്‍ സോജന്‍ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. മറ്റൊരു ഉടമ ചീനിക്കുഴി സ്വദേശി പ്രവീണ്‍ രണ്ടാം പ്രതിയാകും.

ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് സതേണ്‍ സ്‌കൈസ് എയറോ ഡയനാമിക് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് പൊലീസ് നിഗമനം. സ്ഥാപനം പൊതുജന സുരക്ഷയ്ക്ക് വീഴ്ച വരുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇന്നലെ ഒന്നര മണിക്കൂറിലധികമാണ് കുട്ടികളടക്കമുള്ളവര്‍ സ്‌കൈ ഡൈനിങിൽ കുടങ്ങിയത്. രണ്ടും നാലും വയസ്സുള്ള കുഞ്ഞുകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ സ്‌കൈ ഡൈനിങിൽ ഉണ്ടായിരുന്നു. നാലരമണിക്കൂര്‍ നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ അഗ്നിരക്ഷാസേന എത്തിയാണ് അഞ്ചുപേരെയും സുരക്ഷിതമായി താഴെയിറക്കിയത്.

സംഭവത്തില്‍ ജില്ലാ കളക്ടര്‍ തഹസില്‍ദാറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കും. പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാനാകൂ. സ്ഥാപനത്തിന്റെ രേഖകള്‍ ഉടമകള്‍ ഇന്ന് തഹസില്‍ദാരുടെ ഓഫീസില്‍ ഹാജരാക്കും. കേരളത്തില്‍ അത്ര പ്രചാരമില്ലാത്ത സാഹസിക വിനോദമാണ് സ്‌കൈ ഡൈനിങ്. 150 അടി ഉയരത്തില്‍ ഇരുന്ന് കാഴ്ചകള്‍ കണ്ടു ഭക്ഷണം കഴിക്കാം. ഒരുമാസം മുമ്പാണ് പ്രദേശത്ത് സ്‌കൈ ഡൈനിങ് പ്രവര്‍ത്തനം ആരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button