24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്ക് ‘ന്യായവില’ നിശ്ചയിക്കണം, ഇത് ഉടമയ്ക്ക് നേരിട്ട് നല്‍കണം.
Kerala

കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്ക് ‘ന്യായവില’ നിശ്ചയിക്കണം, ഇത് ഉടമയ്ക്ക് നേരിട്ട് നല്‍കണം.

15 വര്‍ഷത്തെ കാലാവധി അവസാനിച്ചശേഷം പൊളിക്കാനായി ഏറ്റെടുക്കുന്ന വാഹനങ്ങള്‍ക്ക് ന്യായവില നിശ്ചയിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പഴയ വാഹനം ഏറ്റെടുക്കാനായി സംസ്ഥാന ഗതാഗത വകുപ്പിന്റെ അംഗീകാരം ലഭിച്ച ‘സ്‌ക്രാപ്പര്‍’മാര്‍ക്കാണ് ന്യായവില നിശ്ചയിക്കാന്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞമാസം 17 മുതല്‍ ഈമാസം ആദ്യവാരം വരെ 1900 പഴയ വാഹനങ്ങള്‍ ഡല്‍ഹി ഗതാഗതവകുപ്പും ട്രാഫിക് പോലീസും ചേര്‍ന്ന് പിടിച്ചെടുത്തിട്ടുണ്ട്.

15 വര്‍ഷം പൂര്‍ത്തിയാക്കിയ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പൊളിക്കുന്നതിന് ഗതാഗത വകുപ്പ് ഈമാസമാദ്യം മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. പഴയ വാഹനങ്ങളുടെ എണ്ണക്കൂടുതല്‍ ഡല്‍ഹിയില്‍ വായു മലിനീകരണം വര്‍ധിപ്പിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പദ്ധതിയുമായി വേഗത്തില്‍ നീങ്ങുന്നത്. നഗരത്തിലെ റോഡുകളില്‍നിന്ന് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ നീക്കം ചെയ്യുകയാണ് ലക്ഷ്യം.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശമനുസരിച്ച് എല്ലാത്തരം മോട്ടോര്‍വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. അതായത് ഇരുചക്രവാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍, നാലു ചക്രമുള്ള വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ തുടങ്ങി സ്വകാര്യ, വാണിജ്യ വാഹനങ്ങള്‍ക്കെല്ലാം 15 വര്‍ഷ കാലാവധി ബാധകമാണ്. പഴയ വാഹനങ്ങളുണ്ടാക്കുന്ന വായു മലിനീകരണം കുറയ്ക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കിയിരുന്നു.

ഗതാഗത വകുപ്പ് നിയോഗിച്ച എന്‍ഫോഴ്സ്മെന്റ് സംഘം പഴയ വാഹനങ്ങള്‍ പിടിച്ചെടുത്ത് അംഗീകൃത സ്‌ക്രാപ്പര്‍മാര്‍ക്ക് കൈമാറും. അവരത് അവിടെ നിന്ന് സ്‌ക്രാപ്പിങ് യൂണിറ്റിലേക്ക് (പൊളിക്കല്‍ കേന്ദ്രത്തിലേക്ക്) കൊണ്ടുപോകും. പഴയ വാഹനങ്ങള്‍ നീക്കം ചെയ്യാനുള്ള സംവിധാനം അവര്‍തന്നെ കൊണ്ടുവരണം. പൊളിക്കാനായി പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഗതാഗത വകുപ്പിന്റെ ഏതെങ്കിലും ഇംപൗണ്ടിങ് പിറ്റുകളില്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ല. അവ പൊളിക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുക തന്നെ വേണം.

അംഗീകൃത സ്‌ക്രാപ്പര്‍മാര്‍ വാഹനത്തിന് ന്യായവില നിശ്ചയിച്ച് ഉടമയ്ക്ക് നേരിട്ട് നല്‍കണമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്. വാഹനം പിടിച്ചെടുക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കങ്ങളുണ്ടായാല്‍ ഗതാഗത വകുപ്പ് അതില്‍ പങ്കാളിയാവില്ല. മറിച്ച് ലോക്കല്‍ പോലീസിന്റെ സഹായം തേടാവുന്നതാണ്.

പതിനഞ്ചുവര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഡല്‍ഹിയിലെ നിരത്തില്‍ എവിടെ കണ്ടാലും പിടിച്ചെടുക്കാന്‍ 2014-ലാണ് എന്‍.ജി.ടി. ഉത്തരവിട്ടത്. അധികൃതര്‍ അതിന് നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം വാഹനങ്ങള്‍ പൊതുസ്ഥലത്ത് നിര്‍ത്തിയിടാന്‍ അനുവദിക്കരുതെന്നും അങ്ങനെ വന്നാല്‍ പോലീസിന് പിഴചുമത്തി നീക്കം ചെയ്യാമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

Related posts

മൂന്നര വയസുകാരന് സൗജന്യ ചികിത്സയും അടിയന്തര ധനസഹായമായി ഒരു ലക്ഷവും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

മായം കലർന്ന വെളിച്ചെണ്ണ തടയാൻ സംസ്ഥാന വ്യാപകമായി 100 ഓളം കേന്ദ്രങ്ങളിൽ റെയിഡ്, ഒരു നിർമ്മാതാവിന് വിൽപ്പന നടത്താനാവുന്നത് ഒരു ബ്രാൻഡ് മാത്രം

Aswathi Kottiyoor

ഗ്ലോബൽ സ്റ്റാർട്ടപ്‌ ഇക്കോസിസ്റ്റം : കേരളം ഏഷ്യയിൽ ഒന്നാമത്‌ ; സ്റ്റാർട്ടപ്‌ രംഗത്ത്‌ സർക്കാർ ഇടപെടലിനുള്ള അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox