ഭരണഘടനാ ശില്പിയെപ്പോലും അപമാനിക്കാൻ മടിയില്ലാത്തവരാണ് രാജ്യത്ത് ഭരണത്തിലിരിക്കുന്നത്: മുഖ്യമന്ത്രി
തൃശൂർ: ഭരണഘടനാ ശില്പിയെപ്പോലും അപമാനിക്കാൻ മടിയില്ലാത്തവരാണ് രാജ്യത്ത് ഭരണത്തിലിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയെ അട്ടിമറിച്ച് ജനാധിപത്യ മൂല്യം ഇല്ലാതാക്കാനും വിശ്വാസ സംഹിതയെ അടിസ്ഥാനമാക്കിയ രാജ്യം കെട്ടിപ്പടുക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പൗരാവകാശം ഹനിക്കപ്പെടുകയാണ്. സ്വതന്ത്ര അഭിപ്രായം പറയുന്നവരെ കൽത്തുറുങ്കിലടയ്ക്കുന്നു. സ്വതന്ത്രമായി അഭിപ്രായം പറയുന്ന മാധ്യമ സ്ഥാപനങ്ങളെ കേന്ദ്ര ഏജൻസികളും സംഘ പരിവാർ ഗുണ്ടകളും വേട്ടയാടുന്നു. കേന്ദ്രസർക്കാർ വഖഫ് ഭേദഗതി ബില്ലുമായി വന്നത് എങ്ങോട്ടാണ് പോക്കെന്നത് വ്യക്തമാക്കുന്നു. സംഘ പരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധത മുസ്ലീം ജനവിഭാഗങ്ങളെ മാത്രമല്ല, ക്രിസ്ത്യൻ ജനവിഭാഗങ്ങളെയും ബാധിക്കുന്നു. ഭൂരിപക്ഷ വർഗീയത അനേകം ദ്രോഹം ചെയ്തിട്ടുണ്ട്. ഇതിൽ രോഷവുമുണ്ടാവും. ഭൂരിപക്ഷ വർഗ്ഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് എതിർക്കാൻ തുനിയരുത്. മതേതര ചേരിക്കൊപ്പം നിന്ന് പോരാടണമെന്നും എല്ലാ വർഗീയതയെയും ചോദ്യം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.