‘സുരാജ് വെഞ്ഞാറമൂടിന്റെ ത്രസിപ്പിക്കുന്ന വൺമാൻഷോ’: ‘ഇ ഡി’യെ അഭിനന്ദിച്ച് സംവിധായകൻ പദ്മകുമാർ
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി കുതിക്കുന്ന എക്സ്ട്രാ ഡീസന്റ് ചിത്രത്തിന് ഫാമിലി പ്രേക്ഷകരുടെ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ അവസരത്തിൽ സുരാജ് വെഞ്ഞാറമൂട് നായകനായെത്തിയ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ പദ്മകുമാർ.
“സിനിമയെ സംബന്ധിച്ച് വെള്ളിയാഴ്ച എന്നത് ഒരു പ്രത്യേക ദിനമാണ്. വെള്ളിയാഴ്ചകളിലാണ് പുത്തൻ താരോദയങ്ങളുണ്ടാവുന്നത്; സിനിമയിൽ. ഇന്ന്,ഈ വെള്ളിയാഴ്ച ഒരു താരത്തിൻ്റെ അസാമാന്യ പ്രകടനം കൊണ്ട് അവിസ്മരണീയമായിത്തീരുന്നു, മലയാളസിനിമയിൽ..സുരാജ് വെഞ്ഞാറമൂട് ആണ് ആ താരം. ചിത്രം ‘ED’യും (Extra Decent). ഒട്ടും സാധാരണമല്ലാത്ത പ്രമേയം, അതിമനോഹരമായ അവതരണം, ഹൃദയത്തോട് അടുപ്പിക്കുന്ന സംഗീതം, കഥയോടും കഥാപാത്രങ്ങളോടും ചേർന്നു നിൽക്കുന്ന ഫ്രെയിമുകൾ, അഭിനേതാക്കളുടെ അനായാസമായ പരകായ പ്രവേശം.. പിന്നെ സുരാജ് വെഞ്ഞാറമ്മൂടിൻറെ ത്രസിപ്പിക്കുന്ന വൺമാൻ ഷോയും! ഒരു സിനിമ ആസ്വാദ്യകരമായിത്തീരാൻ ഇതിൽ കൂടുതലെന്തുവേണം! എ മസ്റ്റ് വാച്ച് മൂവി”, എന്നാണ് അദ്ദേഹം കുറിച്ചത്.
ആമിർ പള്ളിക്കാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്. വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങളും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്.അങ്കിത് മേനോൻ ആണ് ഇ ഡിയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.