മഹാശ്മശാന ഭൂമിയില്‍ ചുടലഭദ്രയുടെ കളിയാട്ടം, തെയ്യങ്ങളെ കാണാനെത്തിയത് പതിനായിരങ്ങള്‍
മോക്ഷതീരത്ത് ചുടലഭദ്രയുടെ കളിയാട്ടങ്ങള്‍ നിറഞ്ഞാടി. മഹാശ്മശാന ഭൂമിയില്‍ കളിയാട്ടം കൂടാനെത്തിയത് പതിനായിരങ്ങൾ. മനുഷ്യമനസിന്റെ ഉപബോധതലങ്ങളില്‍ കടും നിറങ്ങളില്‍ ഇഴപിരിഞ്ഞിരിക്കുന്ന അതീതശക്തിയുടെ മാസ്മരികഭാവങ്ങള്‍ തീവ്രാവേശത്തോടെ പകര്‍ന്നാടുന്ന അപൂര്‍വനിമിഷങ്ങളായിരുന്നു കഴിഞ്ഞ രാത്രിയില്‍ ശ്മശാനഭൂമിയില്‍ അരങ്ങേറിയത്.
പകല്‍ വെളിച്ചത്ത് പോലും ആ ഭൂമിയിലേക്ക് വരാന്‍ പേടിച്ചിരുന്നവര്‍പോലും രാത്രിയില്‍ അവിടേക്ക് എത്തി. ലക്ഷ്യം ഒന്ന് മാത്രം… അതെ, തിരുവില്വാമല ഐവര്‍മഠം മഹാശ്മശാനത്തില്‍ വാണരുളുന്ന ചുടലഭദ്രയുടെ കളിയാട്ടം മാത്രം. മരിച്ചുപോയവരുടെ മണ്ണില്‍ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ ഒരു വലിയ സംഗമം -ഈ കളിയാട്ടം.
ബുധനാഴ്ച്ച വൈകീട്ട് ആറോടെ ചടങ്ങുകള്‍ തുടങ്ങി. അപ്പോഴേക്കും മഹാശ്മാശനം ആളുകളെ കൊണ്ട് നിറഞ്ഞു. ആയിരങ്ങള്‍ക്ക് അന്ത്യവിശ്രമമായ ചുടലപ്പറമ്പ് ചാണകം കൊണ്ട് മെഴുകിയിരുന്നു. ശ്മശാനത്തിലെ മഹാ പാലമരം കളിയാട്ടത്തിനായി കാതോര്‍ത്ത് നിന്നു. മുന്നില്‍ സര്‍വതും കണ്ട് നിള ഒഴുകി.