വി എം വിനുവിന്റെ പേര് വോട്ടര്‍പട്ടികയിലുണ്ടെന്ന് അറിയിച്ച കൗണ്‍സിലറിൽ നിന്ന് കോൺഗ്രസ് രാജി എഴുതിവാങ്ങി

കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ സ്ഥാനാർത്ഥിയായി യുഡിഎഫ് അവതരിപ്പിച്ച സംവിധായകന്‍ വി എം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാതിരുന്ന സംഭവത്തില്‍ കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി. മലാപ്പറമ്പ് കൗണ്‍സിലര്‍ കെ പി രാജേഷ് കുമാറിനെതിരേയാണ് പാർട്ടി നടപടി സ്വീകരിച്ചത്.
രാജേഷിനെ ശാസിക്കുകയും കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് രാജി എഴുതി വാങ്ങുകയും ചെയ്തു. വി എം വിനുവിന്റെ വീടുള്‍പ്പെടുന്ന പ്രദേശത്തെ കൗണ്‍സിലര്‍ ആണ് രാജേഷ്. രാജേഷ് ആണ് വി എം വിനുവിന് വോട്ടുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചത്.അതേസമയം, കോർപറേഷന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്നു കാണിച്ച് കൗണ്‍സിലര്‍ കെ പി രാജേഷ്‌കുമാര്‍ ഡിസിസി പ്രസിഡന്റിന് കഴിഞ്ഞദിവസം കത്തുനല്‍കിയിരുന്നു. സാമ്പത്തികമായും മാനസികമായുമുള്ള കാരണങ്ങളാല്‍ സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമാവുന്നതിന് പ്രയാസമാണെന്നും എന്നാൽ കോർപറേഷന്‍ തിരഞ്ഞെടുപ്പില്‍ എട്ട്, 12 വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുമെന്നും കത്തില്‍ പറയുന്നു. എന്നാല്‍, സജീവരാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും താത്കാലികമായി വാര്‍ഡിലേക്ക് ഒതുങ്ങുകമാത്രമാണ് ചെയ്യുന്നതെന്നും രാജേഷ്‌കുമാര്‍ പറഞ്ഞിരുന്നു.




