24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പച്ചക്കറി വില കൂടിയപ്പോൾ പഴം വില കുത്തനെ ഇടിഞ്ഞു; ഞാലിപ്പൂവന് കിലോ പത്ത്.
Kerala

പച്ചക്കറി വില കൂടിയപ്പോൾ പഴം വില കുത്തനെ ഇടിഞ്ഞു; ഞാലിപ്പൂവന് കിലോ പത്ത്.

ഒരു ഭാഗത്ത് വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുമ്പോൾ കർഷകർക്കു കണ്ണീർ സമ്മാനിച്ചു വാഴപ്പഴം വില കുത്തനെ ഇടിയുന്നു. എറണാകുളം നഗര പരിസരങ്ങളിലെ ചില്ലറ വിപണിയിൽ ഇന്നു രാവിലെ മുതൽ ഏത്തക്കായയും ഞാലിപ്പൂവനും വിറ്റത് പത്തു രൂപയിലും കുറഞ്ഞ വിലയ്ക്ക്. വഴിയോര കച്ചവടക്കാർ ആറു കിലോയിലേറെ വരുന്ന കുലകൾ മൊത്തത്തിൽ എടുക്കുന്നവർക്കു തൂക്കം നോക്കാതെ 50 രൂപയ്ക്കു വിറ്റ് ഒഴിവാക്കുകയാണ്. കേരളത്തിൽ ഏതാനും ദിവസങ്ങളായി തുടരുന്ന മഴയിൽ ആവശ്യക്കാർ കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വൻ തോതിൽ വാഴകുലയുമായി ലോറികൾ എത്തിയതുമാണു വിലയിടിവിനു കാരണം.മരട്, എറണാകുളം മാർക്കറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിൽനിന്നു പതിവിലും കൂടുതൽ വാഴക്കുല ലോറികൾ എത്തിയതു വിലയിടിവിനു കാരണമായെന്നു കച്ചവടക്കാർ പറയുന്നു. മാർക്കറ്റുകളിലെ മൊത്തക്കച്ചവടക്കാർ സ്റ്റോക്കു തീരാത്തതിനാൽ വാങ്ങാൻ മടിച്ചതോടെ മിക്ക ലോറിക്കാരും പഴം തുച്ഛ വിലയ്ക്കു കൊടുത്തുപേക്ഷിച്ചു മടങ്ങുകയായിരുന്നു. ചില്ലറ കച്ചവടക്കാർ കുറഞ്ഞ വിലയ്ക്കു ലേലം വിളിച്ചെടുത്ത് ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ചു ഗുഡ്സ് ഓട്ടോകളിൽ വഴിയോരങ്ങളിലും മാർക്കറ്റ് പരിസരത്തും കൊടുത്തു തീർക്കാനാണു ശ്രമിക്കുന്നത്.

വൈകുന്നേരങ്ങളിലാണു മിക്കപ്പോഴും പഴം വിൽപന ചൂടു പിടിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈകുന്നേരങ്ങളിൽ ശക്തമായ മഴയായതോടെ ഉപഭോക്താക്കൾ കടയിൽ കയറാതെ വീടണയുന്ന തിരക്കിലായി. ഇതോടെ ചില്ലറ വിൽപനക്കാരുടെ കച്ചവടം മുടങ്ങി, സ്റ്റോക്ക് ഉയർന്നു. രണ്ടു ദിവസം കൊണ്ടു വിറ്റു തീർക്കേണ്ട കുലകൾ നാലു ദിവസത്തിലേറെ ഇരുന്നു പഴുത്തു പോകുന്ന സ്ഥിതി വന്നു. സ്റ്റോക്ക് കേടായി തുടങ്ങിയതോടെ നഷ്ടം സഹിച്ചു കുറഞ്ഞ വിലയ്ക്കു വിൽക്കാൻ ചില്ലറ വിൽപനക്കാരും നിർബന്ധിതരായി. ഇതോടെ ഓർഡർ നഷ്ടപ്പെട്ടാണു മൊത്തകച്ചവടക്കാർ ഇതര സംസ്ഥാനങ്ങളിൽ നിന്നു കുല എടുക്കുന്നത് നിർത്തിവച്ചത്. ഇതിനിടെ വന്ന ലോഡുകളാണു കനത്ത നഷ്ടം സഹിച്ചു വിറ്റൊഴിവാക്കേണ്ടി വന്നത്.

കഴിഞ്ഞ ആഴ്ചകളിലും സമാന അനുഭവം എറണാകുളം മാർക്കറ്റിൽ ഉണ്ടായെന്നു കച്ചവടക്കാർ പറയുന്നു. തമിഴ്നാട്ടിലും മഴ പ്രശ്നമായതോടെ വാഴക്കുല രണ്ടാം തരമായി വെട്ടിക്കയറ്റി വിടുകയാണ്. മഴ തുടർന്നാൽ കൃഷിസ്ഥലത്തു തന്നെ നശിച്ചു പോകാനുള്ള സാധ്യത കണ്ടാണ് ഇത്. അതുകൊണ്ടു തന്നെ കുറഞ്ഞ വിലയിൽ വിപണിയിലെത്തുന്ന ഞാലിപ്പൂവൻ, ഏത്തക്കായകൾ തിരിവു വിഭാഗത്തിൽ പെട്ടാണു വരുന്നതും. മഴയിൽ പച്ചക്കറി കൃഷി മൊത്തമായി നശിച്ചു പോയതോടെ തീവിലയ്ക്കാണു വിപണിയിൽ എത്തുന്നത്. സർക്കാർ ഇടപെടലിൽ നേരിയ വിലക്കുറവ് ഉണ്ടായിട്ടുണ്ട് എന്നതു മാത്രമാണ് ആശ്വാസം. തക്കാളിക്ക് ഇന്ന് 80 രൂപയാണു വിപണി വില.

Related posts

വൈഷ്ണവം സാഹിത്യ പുരസ്‌കാരം സി. രാധാകൃഷ്ണന്.

Aswathi Kottiyoor

ബഡ്‌സ്‌ സ്‌കൂളുകൾ തുറക്കുന്നത്‌ കോവിഡ്‌ സാഹചര്യം പരിശോധിച്ചശേഷം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ആൾക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox