Uncategorized

തകരാര്‍ പരിഹരിക്കാൻ അണക്കെട്ട് തുറന്ന് വിട്ടു; നാട്ടുകാർക്ക് ചാകര! മീന്‍ പിടിക്കാൻ കല്ലാർകുട്ടിയിൽ വൻ തിരക്ക്

ഇടുക്കി: നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായ കല്ലാര്‍കുട്ടി അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി സൂയസ് വാല്‍വ് തുറന്നുവിട്ട് വെള്ളം പൂര്‍ണമായും ഒഴുക്കി കളഞ്ഞു. ഇതോടെ അണക്കെട്ട് പൂര്‍ണമായി വറ്റിച്ചു. വെള്ളിയാഴ്ച രാവിലെ മുതലാണ് വെള്ളം സൂയസ് വാല്‍വിലൂടെ തുറന്നുവിട്ട് പൂര്‍ണമായും ഡാം വറ്റിച്ചത്. ഉച്ചയോടെ വെള്ളം പൂര്‍ണമായും ഒഴുകി പോയി. അണക്കെട്ടില്‍ ടണലിന് മുന്‍പില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാഷ് റാക്ക് കാലപ്പഴക്കത്തെ തുടര്‍ന്ന് തകരാറിലായിരുന്നു. ഇവ പരിഹരിക്കണം. സൂയസ് വാല്‍വിലെ തകരാര്‍ പരിഹരിക്കുന്ന പണികളും നടക്കും. ഇവ പരിഹരിക്കുകയാണ് മുഖ്യലക്ഷ്യം.

വർഷങ്ങളായി തകരാറിൽ

ഇവിടുത്തെ സൂയസ് വാല്‍വും വര്‍ഷങ്ങളായി തകരാറിലാണ്. അണക്കെട്ടിന്റെ അടിഭാഗത്ത് അടിഞ്ഞുകൂടുന്ന ചെളിയും മണ്ണും പുറത്തേക്ക് ഒഴുക്കിവിടുന്നത് ഈ വാല്‍വ് വഴിയാണ്. ഇത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. വാഷര്‍ തകരാറില്‍ ആയതിനാല്‍ വെള്ളം എപ്പോഴും ഒഴുകി പോയിക്കൊണ്ടിരിക്കുന്നു. ഇതും പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ ഡാം വറ്റിച്ചിരിക്കുന്നത്. എത്ര ദിവസം ഈ ജോലികള്‍ തുടരും എന്നത് വൈദ്യുതി വകുപ്പ് അറിയിച്ചിട്ടില്ല.

മീൻ പിടിക്കാൻ വൻ തിരക്ക്

ഡാം പൂര്‍ണമായും വറ്റിച്ചതോടെ പ്രദേശവാസികള്‍ക്കും ചാകരയാണ്. ഡാമില്‍ നിന്നും ഒഴുകി പുറത്തേക്കു പോയതും ഡാമില്‍ അവശേഷിക്കുന്നതുമായ മീനുകള്‍ പിടിക്കുന്നതിന് നാട്ടുകാരുടെ മത്സരമാണ്. കല്ലാര്‍കുട്ടിക്ക് പുറത്തുനിന്നും ഇവിടെ മീന്‍ പിടിക്കുന്നതിന് ആളുകള്‍ എത്തിയിട്ടുണ്ട്. 2009 ലാണ് അവസാനമായി ഡാം വറ്റിച്ചത്. നേര്യമംഗലം പവര്‍ഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനാണ് അന്ന് അണക്കെട്ട് ജലാശയം വറ്റിച്ചത്. ഇന്നലെ അണക്കെട്ടിലെ മത്സ്യ ശേഖരം സ്വന്തമാക്കാന്‍ എത്തിയവരില്‍ പലരും സുരക്ഷ പോലും നോക്കാതെയാണ് ചെളിയില്‍ ഇറങ്ങിയത്. ഇതിനിടെ രണ്ടു പേര്‍ ചെളിക്കിടയില്‍ കുടുങ്ങി. പിന്നീട് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് രക്ഷിക്കാനായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button