ഭീതിയിലാഴ്ത്തി ജനവാസ മേഖലയിൽ ഒരുമാസത്തോളമായി അലഞ്ഞുതിരിഞ്ഞ് കാട്ടുപോത്ത്

ഇരിട്ടി: ജനവാസമേഖലയിൽ ഒരു മാസക്കാലമായി അലഞ്ഞു തിരിയുന്ന കാട്ടുപോത്ത് മേഖലയിലെ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തുകയാണ്. വെള്ളിയാഴ്ച രാവിലെയാണ് മുഴക്കുന്ന് പഞ്ചായത്തിലെ കായപ്പനച്ചി മേഖലയിലും തുടർന്ന് മീത്തലെ പുന്നാട് കല്ലങ്കോട് മേഖലയിലും കാട്ടുപോത്തിനെ കാണുന്നത്. ഇതോടെ രാവിലെ സ്കൂളിൽ പോകുന്ന കുട്ടികൾ അടക്കം സ്കൂളിൽ പോകാതെ വീട്ടിനകത്ത് ഇരിക്കുകയായിരുന്നു. രാവിലെ എട്ടു മണിയോടെയാണ് ഇരിട്ടി ടൗണിൽ നിന്നും 4 കിലോമീറ്റർ മാത്രം അകലെ അത്തിത്തട്ട് മേഖലയിലും കാട്ടുപോത്ത് എത്തിയത്. വിവരമറിഞ്ഞ് വനപാലക സംഘമെത്തി കാട്ടുപോത്തിനെ നിരീക്ഷിച്ചു . വെള്ളിയാഴ്ച വൈകിട്ട് വരെ കാട്ടുപോത്ത് അത്തിത്തട്ടിലെ ആളൊഴിഞ്ഞ പറമ്പുകളിൽ നിന്നു. രണ്ടുദിവസം മുൻപ് പാലപ്പുഴയിൽ മലയോര ഹൈവേയിലും കാട്ടുപോത്തിനെ കണ്ടിരുന്നു. വനപാലകർ ഇതിനെ ആറളം ഫാമിലേക്ക് കടത്തിവിടുകയായിരുന്നു. അവിടെ നിന്നാണ് വീണ്ടും കാട്ടുപോത്ത് ജനവാസ മേഖലയിലെത്തിയത്.
കോളാരി മേഖലയിൽ നിന്നും മയക്കു വെടിവെച്ച് പിടികൂടി ആറളം വന്യജീവി സങ്കേതത്തിലേക്ക് എത്തിച്ച കാട്ടുപോത്ത് ആണ് വീണ്ടും ജനവാസ മേഖലയിൽ എത്തിയത്.




