24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയണമെന്ന് മുഖ്യമന്ത്രി
Kerala

കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനങ്ങൾക്കനുകൂലമായി കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയതായി രൂപീകരിച്ച ആസൂത്രണ ബോർഡിന്റെ ആദ്യ യോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന് അനുകൂലമായും സംസ്ഥാനങ്ങൾക്കെതിരായും ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ രൂപപ്പെട്ടുവരുന്ന അസമത്വം കാരണം സംസ്ഥാനം ഗുരുതരമായ വിഭവ പരിമിതി നേരിടുന്നു. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങൾക്കനുകൂലമായി കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയണം.
ആസൂത്രണം കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഈ നിർണ്ണായക സമയത്ത് നമ്മുടെ വിഭവ പരിമിതികൾക്കിടയിലും സാമൂഹിക നേട്ടങ്ങളെ മാനിച്ചുകൊണ്ട്, വളർച്ചാ സാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള ഭാവനാപൂർണ്ണമായ ഒരു പദ്ധതി തയ്യാറാക്കി നടപ്പിലാക്കാനാണ് ആസൂത്രണ ബോർഡും സർക്കാരും ശ്രമിക്കുന്നത്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള കോവിഡാനന്തര വീണ്ടെടുക്കൽ ശ്രമങ്ങളിലാണ് സർക്കാർ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. സാമ്പത്തിക പരിമിതികൾ ഉണ്ടെങ്കിലും സുസ്ഥിര സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനുള്ള ദൗത്യം മാറ്റിവെയ്ക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് പഞ്ചവത്സര പദ്ധതി സമീപനം പിന്തുടരുന്ന ഏക സംസ്ഥാനം ഇപ്പോൾ കേരളമാണ്. നാം ഇപ്പോൾ പതിനാലാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. കടുത്ത പ്രതിസന്ധികൾക്കിടയിലും പതിമൂന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ ഏക സംസ്ഥാനവും കേരളമാണ്. ഭൂപരിഷ്‌കരണം, ആരോഗ്യം, സ്‌കൂൾ വിദ്യാഭ്യാസം, സാമൂഹികനീതി, ലിംഗനീതി, സാമൂഹിക സുരക്ഷ എന്നിവയിലെ മുൻകാല നേട്ടങ്ങളുടെ ശക്തമായ അടിത്തറയ്ക്ക് മുകളിലാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലയളവിൽ വിവിധരംഗങ്ങളിൽ നമ്മൾക്ക് എടുത്തുപറയത്തക്ക നേട്ടങ്ങൾ കൈവരിക്കാനായത്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഏറ്റവും താഴെത്തട്ടിലുള്ള ആസൂത്രണം ശക്തിപ്പെടുത്തുകയും വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ ലളിതമാക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്ന തരത്തിൽ വേണം പതിനാലാം പഞ്ചവത്സര പദ്ധതി തയ്യാറാക്കേണ്ടത്. സാമൂഹിക വികസന മേഖലകളിലെ കരുത്ത് ബലപ്പെടുത്തുകയും അത് സമ്പദ് വ്യവസ്ഥയിലെ ഉല്പാദന ശക്തികളുടെ വളർച്ച കൂടുതൽ വേഗത്തിലാക്കുന്നതിനുള്ള അടിത്തറയായി ഉപയോഗിക്കുകയും ചെയ്യണം. എല്ലാ മേഖലകളിലുമുള്ള പുരോഗതിക്ക് ആക്കംകൂട്ടുന്നതിന് ശാസ്ത്രം, സാങ്കേതികവിദ്യ, ആധുനിക വൈദഗ്ദ്ധ്യം, വിജ്ഞാന സമ്പദ്ഘടനയുമായി ബന്ധപ്പെട്ട നിപുണതകൾ എന്നിവയുടെ ഉപയോഗം ഉറപ്പാക്കണം. കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ, വ്യവസായങ്ങൾ, ടൂറിസം തുടങ്ങിയ മേഖലകളുടെ വളർച്ചയ്ക്കായി ആസൂത്രണം ചെയ്യുമ്പോൾ പ്രാദേശിക സർക്കാരുകളുടെയും പ്രാദേശികതലത്തിലുള്ള വിവിധ സഹകരണ സംഘങ്ങളുടെയും ജനകീയ കൂട്ടായ്മകളുടെയും ഇടപെടൽ ഉണ്ടാകണം. സ്ത്രീകളുടെ സുരക്ഷയിൽ മാത്രമല്ല അവരുടെ തൊഴിലിനും സ്വാതന്ത്ര്യത്തിനും ഊന്നൽ നൽകുന്ന നടപടികൾ പതിനാലാം പദ്ധതിയിൽ ഉണ്ടാവണം. സുസ്ഥിര വികസനം എന്ന വെല്ലുവിളിയെ ശാസ്ത്രീയമായും യുക്തിസഹമായും നേരിടേണ്ട ഒരു കാലഘട്ടമാണിത്. നിർമ്മിതികൾ അതിജീവനക്ഷമതയുള്ളതാവണം. ദുരന്തനിവാരണം എന്നത് വികസന പ്രക്രിയയുടെ തന്നെ ഭാഗമാകണം. കാലാവസ്ഥാ വ്യതിയാനം പുതിയ ആശങ്കകൾ ഉയർത്തുന്നു എന്ന യാഥാർത്ഥ്യം പദ്ധതി രൂപീകരിക്കുമ്പോൾ കണക്കിലെടുക്കണം.
മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ആസൂത്രണ ബോർഡ് യോഗത്തിന് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ചീഫ്സെക്രട്ടറി, ആസൂത്രണ ബോർഡ് അംഗങ്ങളായ സംസ്ഥാന മന്ത്രിമാർ, ആസൂത്രണ ബോർഡ് അംഗങ്ങൾ, ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്) എന്നിവർ പങ്കെടുത്തു.

Related posts

കണ്ണൂരിൽ കഞ്ചാവ് വേട്ട: ബീഹാർ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

വീ​ണ്ടും കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു; ഇ​ന്ന് നാ​ല് മ​ര​ണം

Aswathi Kottiyoor

ലഹരി വിരുദ്ധ ക്യാമ്പയിൻ: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6ന് കൈറ്റ് വിക്ടേഴ്സിൽ

Aswathi Kottiyoor
WordPress Image Lightbox