’ഗർഭിണിയായ ഭാര്യ ലെസ്ബിയൻ പങ്കാളിക്കൊപ്പം’; വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭർത്താവ് കോടതിയിൽ, കോടതി പറഞ്ഞത്
അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യ ലെസ്ബിയൻ പങ്കാളിക്കൊപ്പം താമസം തുടങ്ങിയതിന് പിന്നാലെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയിൽ. ഗുജറാത്ത് ഹൈക്കോടതിയിലാണ് ഭർത്താവ് ഹർജി സമർപ്പിച്ചത്. എന്നാൽ, ഭർത്താവിനൊപ്പം മടങ്ങാൻ തയ്യാറല്ലെന്ന് യുവതി അറിയിച്ചതോടെ ഹർജി തള്ളി. കഴിഞ്ഞയാഴ്ചയാണ് ചന്ദ്ഖേഡ സ്വദേശി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്.
തിങ്കളാഴ്ച സിറ്റി പൊലീസ് യുവതിയെ കോടതിയിൽ ഹാജരാക്കി. യുവതി ഭർത്താവിൻ്റെ അടുത്തേക്ക് മടങ്ങാൻ വിസമ്മതിക്കുകയും തൻ്റെ സുഹൃത്തിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു. യുവതിയുടെ ആഗ്രഹപ്രകാരം വനിതാ സുഹൃത്തിനൊപ്പം ജീവിക്കാൻ കോടതി അനുവദിച്ചു. ജസ്റ്റിസ് ഐജെ വോറയുടെയും ജസ്റ്റിസ് എസ്വി പിൻ്റോയുടെയും ബെഞ്ചാണ് അനുമതി നൽകിയത്. ഭർത്താവിൽ നിന്ന് തനിക്ക് മാനസികവും ശാരീരികവുമായ പീഡനം നേരിടുന്നുണ്ടെന്നും അതുകൊണ്ടാണ് സ്വമേധയാ താൻ വനിതാ സുഹൃത്തിനൊപ്പം താമസിക്കാൻ തീരുമാനിച്ചതെന്നും യുവതി അറിയിച്ചു.
ഭാര്യയെ നിയമവിരുദ്ധമായി തടവിലാക്കിയിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നുമായിരുന്നു ഭർത്താവിന്റെ ആവശ്യം. എന്നാൽ, നിയമവിരുദ്ധമായി തടവിലാക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ, യുവതിയുടെ ആഗ്രഹപ്രകാരം അനുമതി നൽകുമെന്നും കോടതി അറിയിച്ചു. ഏഴ് മാസം ഗർഭിണിയായ ഭാര്യ ലെസ്ബിയൻ ആയ സുഹൃത്തിന് വേണ്ടി ഒക്ടോബറിൽ തന്നെ ഉപേക്ഷിച്ചുവെന്ന് ഇയാൾ ഹർജിയിൽ പറഞ്ഞു. തൻ്റെ ഭാര്യയെ അവളുടെ സുഹൃത്ത് നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. \ഭാര്യയെ കണ്ടെത്താൻ ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഭാര്യ ബെംഗളൂരുവിൽ തൻ്റെ വനിതാ സുഹൃത്തിനൊപ്പമുണ്ടെന്നും ഇൻസ്റ്റാഗ്രാമിലൂടെ അവളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ അടുത്തേക്ക് മടങ്ങാൻ ഭാര്യ വിസമ്മതിച്ചതായും അറിയിച്ചു. തുടർന്നാണ് ഇയാൾ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയുമായി എത്തിയത്.