വിവാഹ രജിസ്ട്രേഷന് സമയത്ത് വിവാഹപൂര്‍വ കൗണ്‍സലിംഗ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി. എറണാകുളം വൈഎംസിഎയില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
വിവാഹപൂര്‍വ കൗണ്‍സ ലിംഗ് നല്‍കുന്നതിലൂടെ വിവാഹ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒരു പരിധിവരെ തടയാനാകും. വയോജനങ്ങളെ സംരക്ഷിക്കാതിരിക്കുക, സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകളെയും ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളെയും ചൂഷണം ചെയ്യുക, സ്വത്ത് കൈവശപ്പെടുത്തുക തുടങ്ങിയ പ്രവണതകള്‍ വര്‍ധിക്കുകയാണ്. വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ തടയാനും പരിഹാരം കാണാനും കഴിയും. സാമൂഹ്യമാധ്യമങ്ങളിലെ വികലമായ അറിവ് തെറ്റുകളിലേക്ക് നയിക്കുന്നു. അതിനാല്‍ സ്ത്രീപക്ഷ നിലപാടുകളിലൂന്നിയുള്ള സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് അനിവാര്യമാണെന്നും കമ്മീഷന് പറഞ്ഞു.
മാധ്യമസ്ഥാപനങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി മാര്‍ഗരേഖ സമർപ്പിക്കുമെന്നും കമ്മീഷന് പറഞ്ഞു. മോണ്‍സനെതിരായ പീഡനക്കേസില്‍ പരാതി കിട്ടിയിട്ടില്ല. പോലീസ് അന്വേഷണം നടക്കുന്നുണ്ട്. പോലീസിനു വീഴ്ച സംഭവിച്ചാലേ ഇടപെടേണ്ട സാഹചര്യമുള്ളൂ. അനുപമയുടെ പരാതി ലഭിച്ചിട്ടുണ്ട്. നവംബര്‍ അഞ്ചിന് കേസ് പരിഗണിച്ചതിനു ശേഷമായിരിക്കും നടപടികള്‍ തീരുമാനിക്കുക.