24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ചാരക്കണ്ണ് കണ്ടെത്താൻ സമിതി; പെഗസസിൽ സത്യം പുറത്തുവന്നേ തീരൂ എന്ന് സുപ്രീം കോടതി .
Kerala

ചാരക്കണ്ണ് കണ്ടെത്താൻ സമിതി; പെഗസസിൽ സത്യം പുറത്തുവന്നേ തീരൂ എന്ന് സുപ്രീം കോടതി .

പെഗസസ് ഫോൺചോർത്തൽ വിവാദത്തിൽ സത്യം പുറത്തുവന്നേ തീരുവെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, അന്വേഷണത്തിനു സാങ്കേതിക, വിദഗ്ധ സമിതിയെ നിയോഗിച്ചു. സ്വന്തം പൗരന്മാരെ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാരോ ഏജൻസികളോ പെഗസസ് സോഫ്റ്റ്‍വെയർ ഉപയോഗിച്ചോ എന്നതുൾപ്പെടെ കാര്യങ്ങൾ സമിതി അന്വേഷിക്കും. പെഗസസ് വിവരങ്ങൾ കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ദേശസുരക്ഷ ചൂണ്ടിക്കാട്ടി നൽകാതിരുന്ന കേന്ദ്ര സർക്കാർ നിലപാടിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.

സുപ്രീം കോടതി മുൻ ജഡ്ജി ആർ.വി. രവീന്ദ്രനാണ് മേൽനോട്ടച്ചുമതല; സഹായിക്കാൻ റോ മുൻ മേധാവി അലോക് ജോഷി, സൈബർ സുരക്ഷാ വിദഗ്ധൻ സുൻദീപ് ഒബ്‍റോയി എന്നിവരുമുണ്ടാകും. മലയാളിയും കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിനു കീഴിലുള്ള അമൃത സ്കൂൾ ഓഫ് എൻജിനീയറിങിലെ പ്രഫസറുമായ ഡോ. പ്രഭാഹരൻ പൂർണചന്ദ്രൻ ഉൾപ്പെടെ 3 പേരാണ് സാങ്കേതിക സമിതി അംഗങ്ങൾ. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നു നിർദേശിച്ച കോടതി എട്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.

അന്വേഷണത്തിനു സമിതിയെ നിയോഗിക്കാമെന്നു കേന്ദ്രസർക്കാർ നേരത്തേ അറിയിച്ചെങ്കിലും ഇതു നിരാകരിച്ചാണു സുപ്രീം കോടതി സ്വന്തം സമിതിയെ വച്ചത്. പത്രാധിപന്മാരുടെ ദേശീയ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡും ജോൺ ബ്രിട്ടാസ് എംപി, മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ, പരഞ്ജോയ് ഗുഹ താക്കുർത്ത തുടങ്ങിയവരും ഉൾപ്പെടെ പെഗസസിനെതിരെ ഹർജി നൽകിയ എല്ലാവരും കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അതേസമയം, കാബിനറ്റ് സെക്രട്ടറിയുടെ സത്യവാങ്മൂലം വാങ്ങണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

∙ ദേശസുരക്ഷ പറഞ്ഞാൽ മിണ്ടാതിരിക്കില്ല

‘ദേശസുരക്ഷയുടെ പ്രശ്നമെന്നു പറഞ്ഞാലുടൻ നിശ്ശബ്ദ കാഴ്ചക്കാരനായി ഇരിക്കാൻ കോടതിക്ക് കഴിയില്ല. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ഫ്രീപാസല്ല ദേശസുരക്ഷ. കോടതി ഭയപ്പെട്ടു മാറി നിൽക്കേണ്ട വിഷയമല്ല അത്.’ – സുപ്രീം കോടതി

സാങ്കേതിക സമിതിയിൽ മലയാളി ഡോ. പ്രഭാഹരൻ

പെഗസസ് അന്വേഷണത്തിനു സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതിയിലെ ഡോ. പ്രഭാഹരൻ പൂർണചന്ദ്രൻ (50) തിരുവനന്തപുരം സ്വദേശിയാണ്. കൊല്ലം അമൃത വിശ്വവിദ്യാ പീഠത്തിനു കീഴിലുള്ള അമൃത സ്കൂൾ ഓഫ് എൻജിനീയറിങിൽ സെന്റർ ഫോർ ഇന്റർനെറ്റ് സ്റ്റഡീസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം ഡയറക്ടറും പ്രഫസറുമായ ഇദ്ദേഹത്തിന് കംപ്യൂട്ടർ സയൻസ്, സൈബർ സുരക്ഷാ രംഗത്ത് 2 പതിറ്റാണ്ടു പരിചയമുണ്ട്. കംപ്യൂട്ടർ മാൽവെയർ കണ്ടെത്തൽ, കോംപ്ലക്സ് ബൈനറി അനാലിസിസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷിൻ ലേണിങ് എന്നിവയിൽ വിദഗ്ധനാണ്.

യുഎസിൽ ഇന്റർനെറ്റ് സുരക്ഷാരംഗത്തെ പ്രമുഖ കമ്പനിയായ വെരിസൈനിൽ ജോലി ചെയ്ത ശേഷമാണ് അമൃതയിൽ ചേർന്നത്. ഒന്നര പതിറ്റാണ്ടിലേറെയായി അമൃതപുരിയിലാണു കുടുംബ സമേതം താമസം. സമിതിയിലെ നവീൻ കുമാർ ചൗധരിയും ഡോ. അശ്വിനി അനിൽ ഗുമസ്തെയും ഗുജറാത്തിലെ നാഷനൽ ഫൊറൻസിക് സയൻസ് സർവകലാശാല ഡീനുമാരാണ്.

Related posts

പെൻഷൻ അനർഹർ വാങ്ങുന്നത് തടയാൻ സുപ്രധാന നീക്കവുമായി സർക്കാർ ക്ഷേമപെന്‍ഷന് ഗുണഭോക്താക്കൾളുടെ അവകാശികള്‍ക്ക് അർഹതയുണ്ടാവില്ല

Aswathi Kottiyoor

ലഹരി മരുന്ന് സംഘം യുവാവിനെ കൊലപ്പെടുത്തിയെന്ന് മാതാപിതാക്കൾ: ദുരൂഹതയില്ലെന്ന് പൊലീസ്.

Aswathi Kottiyoor

അരി വില കിലോയ്ക്ക് രണ്ട് രൂപ കുറഞ്ഞേക്കും

Aswathi Kottiyoor
WordPress Image Lightbox