കണ്ണൂർ: നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും അടങ്ങുന്ന സംഘം ജില്ലയിലെ വിദ്യാലയങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ജില്ലയിലെ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമായി ജില്ലാപഞ്ചായത്ത് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ശുചീകരണവുമായി ബന്ധപ്പെട്ട എല്ലാ പിന്തുണയും ജില്ലാ പഞ്ചായത്ത് നല്‍കും. സ്കൂളുകളില്‍ താത്കാലിക അധ്യാപകരെ ഉടന്‍ നിയമിക്കും. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. നവംബര്‍ 15 നകം സ്കൂള്‍ പിടിഎകള്‍ പുനഃസംഘടിപ്പിക്കണം. വിപുലമായ പ്രവേശനോത്സവം സാധ്യമാകില്ലെങ്കിലും കുട്ടികളുടെ മാനസികോല്ലാസത്തിനായുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പോലീസിന്റെ സേവനം ഉറപ്പു വരുത്തുമെന്ന് അഡീഷണല്‍ എസ്പി പ്രിന്‍സ് ഏബ്രഹാം അറിയിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനും സാമൂഹ്യ വിരുദ്ധരുടെ ഇടപെടലുകള്‍ ഇല്ലാതാക്കാനുമായി രാവിലെയും വൈകുന്നേരവും പട്രോളിംഗ് നടത്തും. ജനമൈത്രി പോലീസിന്റെയും എസ്പിസിയുടെയും സേവനം ഉറപ്പു വരുത്തും. നീണ്ട ഇടവേളക്കുശേഷം തുറക്കുന്ന ക്ലാസ് മുറികളിലെ ഇഴജന്തുക്കളുടെ സാന്നിധ്യം, ഇലക്ട്രിക് വയറിംഗുകളുടെ അവസ്ഥ, ശുദ്ധമായ കുടിവെള്ളം, ശുചിമുറികളുടെയും ഭക്ഷണപ്പുരയുടെയും ശുചിത്വം എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ.എം പ്രീത പറഞ്ഞു. ഭക്ഷണത്തിന്റെ ഇടവേളകളിലെ കൂടിച്ചേരലുകള്‍ നിയന്ത്രിക്കണം. കുട്ടികള്‍ രോഗവാഹകരായി മാറാനുള്ള സാധ്യതകള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ എടുക്കണമെന്നും അവര്‍ പറഞ്ഞു. കുട്ടികളുടെ മാനസിക നില മനസിലാക്കി ഇടപെടുന്നതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും ഡയറ്റ് പ്രിന്‍സിപ്പല്‍ സോമശേഖരന്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. രത്നകുമാരി, വി.കെ. സുരേഷ് ബാബു, യു.പി. ശോഭ, ടി. സരള, ജില്ലാപഞ്ചായത്തംഗം സി.പി. ഷിജു, അഡീഷണല്‍ എസ്പി പ്രിന്‍സ് ഏബ്രഹാം, ഡെപ്യൂട്ടി ഡിഎംഒ ഡോ.എം. പ്രീത, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം. സോമശേഖരന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓർഡിനേറ്റര്‍ പി.വി. പ്രദീപന്, എസ്എസ്കെ കോ-ഓർഡിനേറ്റര്‍ ടി.പി. അശോകന്, ഹയര്‍ സെക്കൻഡറി അസി. കോ-ഓർഡിനേറ്റര്‍ കെ.വി. ദീപേഷ്, വിഎച്ച്എസ്ഇയെ പ്രതിനിധീകരിച്ച് ടി.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന് സംസാരിച്ചു