അടച്ചുറപ്പുള്ള വീട് വേണമെന്ന ആഗ്രഹത്തിൽ ലോണെടുത്ത് വീട് നിർമ്മിച്ചു,തിരിച്ചടവ് മുടങ്ങി,വീട് പൂട്ടാൻ ഫൈനാൻസ് കാരെത്തിയതോടെ ഇനി എങ്ങോട്ട് പോകണം എന്നറിയാതെ സന്തോഷും കുടുംബവും.

ഇരിട്ടി: അടച്ചുറപ്പുള്ള വീട് വേണമെന്ന ആഗ്രഹത്തിൽ ലോണെടുത്ത് വീട് നിർമ്മിച്ചു. കൂലിപ്പണിചെയ്ത് കിട്ടുന്ന പണം സ്വരൂപിച്ച് രണ്ടുവർഷം മുടങ്ങാതെ പണംതിരിച്ചടച്ചു. എന്നാൽ പിതാവും മാതാവും അർബുദ ബാധിതരാവുകയും വിദ്യാർഥിനികളായ രണ്ടുമക്കൾക്കും വിദ്യാഭ്യാസ ചിലവും ഏറിയതോടെ കുടുംബം പോറ്റുക എന്ന ശ്രമം തന്നെ താളം തെറ്റി. തിരിച്ചടവ് മുടങ്ങിയതോടെ വീട് പൂട്ടാൻ ഫൈനാൻസ് കാരെത്തിയതോടെ ഇനി എങ്ങോട്ട് പോകണം എന്നറിയാതെ നിസ്സഹായ അവസ്ഥയിലാണ് വള്ളിത്തോട് നിരങ്ങംചെറ്റയിലെ ഒറ്റപ്ലാക്കൽ സന്തോഷും കുടുംബവും.
ഇവർ താമസിച്ചു വന്ന വീട് ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായപ്പോഴാണ് അടച്ചുറപ്പുള്ള ഒരു കൊച്ചു വീട് വേണമെന്ന് ഈ കുടുംബം ആഗ്രഹിച്ചത്. ഇതിനായി ആദ്യം ജില്ലാ ബാങ്കിൽ നിന്നും നാല് ലക്ഷം രൂപ ലോണെടുത്തു. എന്നാൽ അത് തികയാതെ വന്നപ്പോഴാണ് കണ്ണൂരിലെ മണപ്പുറം ഫിനാൻസിൽ നിന്ന് 10 ലക്ഷം രൂപ ലോണെടുത്തത്. വീട് നിർമ്മിച്ച് താമസിച്ച് വരുന്നതിനിടയിൽ രണ്ടുവർഷം ഒരു മുടക്കവുമില്ലാതെ തിരിച്ചടവ് നടത്തി. എന്നാൽ സന്തോഷിന്റെ അച്ഛൻ ശ്രീധരനും അമ്മ മീനാക്ഷിക്കും അർബുദ രോഗം പിടിപെട്ടതോടെയാണ് പ്രതീക്ഷകളെല്ലാം താളം തെറ്റുന്നത്. ഭീമമായ തുകയാണ് ഇവരുടെ ചികിത്സക്ക് മാത്രമായി ചിലവായത്. ഇതിനിടയിൽ മകളും അസുഖ ബാധിതയായതോടെ പിന്നെ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടയിൽ കൂലിപ്പണി ചെയ്ത് ജീവിതം പോറ്റിയിരുന്ന സന്തോഷിന് നടുവിന് അസുഖം വന്നതോടെ ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയായി.
സന്തോഷിന്റെ ഭാര്യ മറ്റ് വീടുകളിൽ ജോലി ചെയ്ത് കുടുംബം പട്ടിണിയില്ലാതെ മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും ഈ പ്രതിസന്ധികൾക്കിടയിൽ ബാങ്കിലേക്ക് അടക്കുവാനുള്ള തുക സ്വരൂപിക്കാൻ സാധിക്കാതെ വന്നു. 21 മാസം അടവു മുടങ്ങിയതോടെ ഫൈനാൻസ് അധികൃതർ നിയമനടപടിയിലേക്ക് പോയി. ജപ്തി നടപടിയിലേക്ക് കാര്യങ്ങൾ എത്തി. ആദ്യത്തെ മൂന്നുമാസം സാവകാശം കൊടുത്തെങ്കിലും ഒരു വിധത്തിലും ഇവർക്ക് പണം തിരച്ചടക്കാൻ സാധിച്ചില്ല. തുടർന്നാണ് ചൊവ്വാഴ്ച വൈകിട്ട് കോടതി കമ്മീഷൻ ലീഗൽ ജീവനക്കാർ എന്നിവർ പോലീസിന്റെ സഹായത്തോടെ വീട് പൂട്ടി സീൽ ചെയ്യാൻ എത്തിയത്. വീട്ടിൽ നിന്നും ഇവരോട് പുറത്തിറങ്ങാൻ പറഞ്ഞെങ്കിലും പ്രായപൂർത്തിയായ മക്കളെയും അർബുദ രോഗികളായ അച്ഛനെയും അമ്മയെയും കൊണ്ട് ഞങ്ങൾ എങ്ങോട്ട് പോകുമെന്നാണ് ഇവർ ചോദിക്കുന്നത്. ഇവരുടെ കണ്ണീരും നിസ്സഹായതയും കണ്ട് ഒരു മാസം കൂടി സമയം നീട്ടി നൽകി ഫൈനാൻസ് അധികൃതർ തിരിച്ചു പോവുകയായിരുന്നു. ഈ ഒരു മാസത്തിനിടയിൽ ഏറെ സ്വപ്നങ്ങളോടെ ആറ്റുനോറ്റെടുത്ത വീട് വിറ്റെങ്കിലും ഇവരുടെ ബാധ്യത തീർക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. ഇതിനായി ആരുടെയും സഹായം സ്വീകരിക്കാൻ പോലും ഇവർക്ക് മടിയില്ല.




