ഇരിട്ടി: കേരളത്തിലെ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ചും രേഖകളുടേയും മറ്റും സഹായത്തോടെ സിറ്റിംഗുകൾ നടത്തി പഠിക്കുന്നതിനുനുമായി രാഷ്ട്രീയ കിസാൻ മഹാ സംഘ് സ്റ്റേറ്റ് കമ്മിറ്റി മറ്റ് സ്വതന്ത്ര കർഷക സംഘടനകളുമായി ചേർന്ന് എല്ലാ അഞ്ച് വർഷം കൂടുമ്പോഴും കർഷക കമ്മീഷനെ നിയമിച്ച് റിപ്പോർട്ട് തയാറാക്കി കേന്ദ്ര -സംസ്ഥാന ഗവൺമെന്റുകൾക്ക് നൽകാൻ തീരുമാനിച്ചു.
കഴിഞ്ഞ മാസം 24 ന് തൃശൂരിൽ ഡൽഹി കർഷകസമര നേതാവ് യോഹേന്ദ്ര യാദവ് തുടക്കംകുറിച്ച കമ്മീഷന്റെ ആദ്യ സിറ്റിംഗ് കല്പറ്റ വ്യാപാര ഭവനിൽ ഒന്പതിന് നടന്നിരുന്നു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ സാന്നിധ്യത്തിൽ ചേർന്ന സിറ്റിംഗിൽ ചെയർമാൻ അഡ്വ. ബിനോയ് തോമസ്, സെക്രട്ടറി പ്രഫ.ജോസ് കുട്ടി ഒഴുകയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്.
കേരളത്തിലെ 14 ജില്ലകളിലെ വ്യത്യസ്ഥ കേന്ദ്രങ്ങളിൽ സിറ്റിംഗ് നടത്തി കർഷകരിൽ നിന്നും അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ നിന്നും വിവരശേഖരണം നടത്തിയും രേഖകൾ സ്വീകരിച്ചും സമ്പൂർണ റിപ്പോർട്ട് തയാറാക്കി ആറുമാസത്തിനകം കേന്ദ്ര -സംസ്ഥാന സർക്കാരുകൾൾക്കും, എംപി മാർ, എംഎൽഎമാർ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർക്കും നൽകും.
കമ്മീഷന്റെ കണ്ണൂർ ജില്ലാതല സിറ്റിംഗ് 27ന് രാവിലെ ഒന്പതിന് കുന്നോത്ത് സ്കൂളിൽ തലശേരി അതിരൂപതാ ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ വിജയത്തിനായി കുന്നോത്ത് ഫൊറോനാ വികാരി ഫാ. അഗസ്റ്റിൻ പാണ്ട്യാംമാക്കൽ രക്ഷാധികാരിയായി സ്വാഗതസംഘവും രൂപീകരിച്ചു. മാത്യം വള്ളാംകോട്ട് -ചെയർമാൻ, ജേക്കബ് വട്ടപ്പാറ -വൈസ് ചെയർമാൻ, ബെന്നി പുതിയാംപുറം -ജനറൽ കൺവീനർ, ബെന്നിച്ചൻ മഠത്തിനകം -കൺവീനർ, ബിജു സ്റ്റീഫൻ പാമ്പക്കൽ, ബാബു നടയത്ത്, റോബർട്ട് പാട്ടത്തറ, ഷാജു ഇടശേരി തുടങ്ങിയവർ ഭാരവാഹികളുമായ സ്വാഗത സംഘം രൂപീകരിച്ചത്.