Uncategorized

60-ാം വർഷത്തിൽ ഉയർന്ന ലാഭവിഹിതം: 69.53 കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറി എച്ച്എൽഎൽ

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ മിനിരത്ന കമ്പനിയായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ്, 2024-25 സാമ്പത്തിക വർഷത്തെ ലാഭവിഹിതം 69.53 കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറി. കമ്പനിയുടെ ഉയർന്ന ലാഭവിഹിതത്തിലൊന്നാണിത്. ലാഭവിഹിതത്തിന്റെ ചെക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്ക് എച്ച്എൽഎൽ ചെയർപേഴ്‌സൺ ഡോ. അനിത തമ്പി കൈമാറി. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ, ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ, എച്ച്എൽഎൽ ഡയറക്ടർമാരായ എൻ. അജിത് (മാർക്കറ്റിംഗ്), രമേശ് പി (ഫിനാൻസ്) എന്നിവർ പങ്കെടുത്തു.2024–25 സാമ്പത്തിക വർഷത്തിൽ ഉൽപാദന-സേവന മേഖലകളിലെല്ലാം സമഗ്രമായ വളർച്ചയാണ് എച്ച്എൽഎൽ നേടിയത്. കമ്പനിയുടെ പ്രവർത്തന വരുമാനം മുൻവർഷത്തെ 3,700 കോടി രൂപയിൽനിന്ന് 20 ശതമാനം വളർച്ചയോടെ 4,500 കോടി രൂപയായി. 2025 മാർച്ച് 31ലെ കണക്കുകൾപ്രകാരം കമ്പനിയുടെ അറ്റ ആസ്തി 1,100 കോടി രൂപയായി വർധിച്ചു. ഉപസ്ഥാപനങ്ങളായ എച്ച്ഐടിഇഎസ് (HITES), ജിഎപിഎൽ (GAPL), ലൈഫ്സ്പ്രിംഗ് ഹോസ്പിറ്റൽസ് (Lifespring Hospitals) എന്നിവയടക്കം എച്ച്എൽഎൽ ഗ്രൂപ്പിന്റെ ആകെ വരുമാനം 4,900 കോടി രൂപയായി ഉയർന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വളർച്ചയാണ്.

പൊതുജനാരോഗ്യ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ പാരമ്പര്യമാണ് എച്ച്എൽഎല്ലിനുള്ളത്. ജനസംഖ്യാ വർധനവ് എന്ന അടിയന്തര പ്രശ്നം പരിഹരിക്കുന്നതിനായി 1966 മാർച്ച് 1-ന് സ്ഥാപിതമായ കമ്പനി, ഇന്ന് ബഹുമുഖ ഉൽപന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്ന രാജ്യത്തെ പ്രമുഖ ആരോഗ്യ സംരക്ഷണ സ്ഥാപനമായി മാറി. എച്ച്എൽഎല്ലിനു കീഴിൽ ഏഴ് അത്യാധുനിക മരുന്ന് നിർമ്മാണ കേന്ദ്രങ്ങളും ഒരു കോർപ്പറേറ്റ് റിസർച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. മുൻനിര ഉത്പന്നമായ ‘മൂഡ്‌സ്’ കോണ്ടംസ്, ഉയർന്ന നിലവാരമുള്ള ബ്ലഡ് ബാഗുകൾ ഉൾപ്പെടെ 70-ൽ അധികം ബ്രാൻഡുകളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിർമ്മാണ-വിതരണ സേവനങ്ങൾ, പ്രൊക്യുർമെൻ്റ് കൺസൾട്ടൻസി, ഹോസ്പിറ്റൽ മാനേജ്മെന്റ് സേവനങ്ങൾ തുടങ്ങിയ മേഖലകളിലേക്കും എച്ച്എൽഎൽ പ്രവർത്തനം വിപുലീകരിച്ചു. എച്ച്എൽഎല്ലിന്റെ ‘ഹിന്ദ് ലാബ്‌സ്’ (HINDLABS) രാജ്യത്തെ 13-ൽ അധികം സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള ഏറ്റവും വലിയ ഡയഗ്നോസ്റ്റിക് ശൃംഖലകളിൽ ഒന്നാണ്. ‘അമൃത്’ (AMRIT), ‘എച്ച്എൽഎൽ ഫാർമസി’ (HLL Pharmacy) എന്നീ റീട്ടെയിൽ ഫാർമസി സേവനങ്ങളിലൂടെ പൊതുജനങ്ങൾക്ക് ആരോഗ്യ സംരക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കി. ഫാർമസി മേഖലയിലെ ന്യായവില ഉറപ്പാക്കുന്നതിൽ എച്ച്എൽഎൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button