കൊച്ചിയിൽ എൻസിസി ക്യാമ്പിനിടെ സംഘർഷം; എസ്എഫ്ഐ വനിതാ നേതാവ് ഉൾപ്പെടെ 10 പേർക്കെതിരെ കേസ്
കൊച്ചി: കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്. ഭാഗ്യലക്ഷ്മി, ആദർശ്, പ്രമോദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കണ്ടാൽ അറിയാവുന്ന മറ്റ് ഏഴ് പേരും പ്രതികളാണ്. നിയമവിരുദ്ധമായി സംഘം ചേർന്നുവെന്നും സംഘർഷമുണ്ടാക്കിയെന്നുമാണ് കേസ്.
എൻസിസി ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെയാണ് എസ്എഫ്ഐ നേതാക്കൾ എൻസിസി ക്യാമ്പിലെത്തിയത്. അന്വേഷിക്കാൻ വന്ന ഭാഗ്യലക്ഷ്മി തങ്ങളെയും അധ്യാപകരെയും ചേർത്ത് മോശം പരാമർശം നടത്തി എന്നാണ് വിദ്യാർത്ഥിനികളുടെ ആരോപണം. തുടർന്ന് ഭാഗ്യലക്ഷ്മിയും കുട്ടികളും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഇന്ന് തൃക്കാക്കര പൊലീസ് ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് എസ്എഫ്ഐ നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് ഏഴ് പേർക്കെതിരെയും അടക്കം 10 പേർക്കെതിരെ കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേർന്നുവെന്നും സംഘർഷമുണ്ടാക്കിയെന്നുമാണ് കേസ്. ഭക്ഷ്യവിഷബാധയെന്ന വിവരം ലഭിച്ചതോടെ ക്യാമ്പിലേക്ക് നാട്ടുകാരും രക്ഷിതാക്കളുമെല്ലാം എത്തിയത് സംഘർഷത്തിന് കാരണമായി. തുടർന്ന് കൊച്ചി കാക്കനാട് എൻസിസി ക്യാംപ് പിരിച്ച് വിട്ടു.