• Home
  • Kerala
  • കടലും ആകാശവും സ്വന്തമാക്കി അദാനി; മാറുന്നു കേരളത്തിന്റെ സഞ്ചാരപാത.
Kerala

കടലും ആകാശവും സ്വന്തമാക്കി അദാനി; മാറുന്നു കേരളത്തിന്റെ സഞ്ചാരപാത.

90 വര്‍ഷത്തെ പാരമ്പര്യമുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വ്യാഴാഴ്ച മുതല്‍ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള അദാനി ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് ലിമിറ്റഡ് (എടിയാല്‍) ഏറ്റെടുക്കും. അടുത്ത 50 വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും അദാനി ഗ്രൂപ്പ് നിര്‍വഹിക്കുക. രാജ്യത്തെ ആറുവിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണിത്. സ്വകാര്യവത്കരണത്തിനെതിരേ സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് ജീവനക്കാരും നല്‍കിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ബുധനാഴ്ച അര്‍ധരാത്രി വിമാനത്താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ അദാനി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ക്ക് രേഖകള്‍ കൈമാറി സ്വകാര്യവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കും. പാട്ടക്കരാര്‍ പ്രകാരം വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും 168 രൂപ വീതം അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കും.

സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കിയത്. വിമാനത്താവളം സംസ്ഥാനത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും സ്വകാര്യവത്കരണത്തിനെതിരേ ജീവനക്കാരും രംഗത്തുവന്നിരുന്നു. വിമാനത്താവളം സംസ്ഥാനത്തിന് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് നിയമസഭയും പ്രമേയം പാസാക്കിയിരുന്നു. കൈമാറ്റ നടപടികളുടെ ഭാഗമായി അദാനി ഗ്രൂപ്പിന്റെ 45 ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഓഗസ്റ്റ് 16 മുതല്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍, കസ്റ്റംസ്, എമിഗ്രേഷന്‍ എന്നിവയ്ക്ക് പുറമേ പ്ലാന്റ് ആന്‍ഡ് അനിമല്‍ ക്വാറന്റീന്‍ സര്‍വീസ്, ആരോഗ്യവിഭാഗം, കാലാവസ്ഥാ വിഭാഗം, സുരക്ഷാ ഏജന്‍സികളുടെയും പ്രവര്‍ത്തനം തുടങ്ങിയവ വ്യോമയാന മന്ത്രാലയം ഉറപ്പാക്കും. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം ഉറപ്പാക്കുന്ന സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റ് ഒപ്പുവെച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനത്തിന് അത് തടസ്സമാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തല്‍.

വിമാനത്താവള സ്വകാര്യവത്കരണം പൂര്‍ത്തിയാകുന്നതോടെ, തലസ്ഥാനനഗരത്തിന്റെ വികസനത്തിന്റെ പ്രധാനപ്പെട്ട സംരംഭങ്ങള്‍ അദാനി ഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തുകയാണ്.

ഏറ്റവും വലിയ കൈമാറ്റം

അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് വിട്ടുകൊടുക്കുന്നതിലൂടെ സ്വകാര്യ മേഖലയിലേക്കുള്ള ഏറ്റവും വലിയ കൈമാറ്റത്തിനു സംസ്ഥാനം സാക്ഷിയാകും. സംസ്ഥാനത്തെ ആദ്യ വിമാനത്താവളമാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്ന് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.

ധനസമാഹരണ പാക്കേജിന്റെ ഭാഗമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ്(ബി.ഇ.എം.എല്‍.), ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ്(എച്ച്.എല്‍.എല്‍.) എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ.

സ്വകാര്യവഴിയേ ബി.ഇ.എം.എല്‍.

ആദ്യഘട്ടത്തില്‍ ബി.ഇ.എം.എല്‍. സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനാണ് സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുക. നിലവില്‍ 54 ശതമാനം ഓഹരിയാണ് കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍. ഇതില്‍ 26 ശതമാനം ഓഹരി വിറ്റഴിക്കാനാണ് നീക്കം. 26 ശതമാനമാണെങ്കിലും ബി.ഇ.എം.എല്ലിന്റെ നിയന്ത്രണം പൂര്‍ണമായും വിട്ടുകൊടുത്തുകൊണ്ടാണ് ഓഹരിവില്‍പ്പനയെന്ന് തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ബെംഗളൂരു, മൈസൂരു, കോളാര്‍ഖനി, പാലക്കാട് യൂണിറ്റുകളാണ് ബി.ഇ.എം.എല്ലിനുള്ളത്. വിറ്റഴിക്കലിനായി താത്പര്യപത്രം ക്ഷണിച്ചപ്പോള്‍ ആറ് കമ്പനികളാണ് മുന്നോട്ടുവന്നത്. ഇതില്‍ നാലെണ്ണം ഇന്ത്യന്‍ കമ്പനികളും രണ്ടെണ്ണം വിദേശ കമ്പനികളുമാണ്. റെയില്‍വേ കോച്ചുകള്‍, മെട്രോ കോച്ചുകള്‍, പ്രതിരോധവിഭാഗത്തിനു വേണ്ടിയുള്ള ഉപകരണങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇവിടെ നിര്‍മിക്കുന്നത്. കാര്യക്ഷമത കുറഞ്ഞതും ഈ മേഖലയില്‍ പരിചയമില്ലാത്തതുമായ കമ്പനികളാണ് ഇപ്പോള്‍ താത്പര്യം അറിയിച്ചുവന്നതെന്ന് ബി.ഇ.എം.എല്‍. എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഗിരീഷ് പറഞ്ഞു.

എച്ച്.എല്‍.എല്ലും പട്ടികയില്‍

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി താത്പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു. എന്നാല്‍, നിലവില്‍ ഒരു കമ്പനിയും മുന്നോട്ടുവന്നില്ലെന്നാണ് സൂചന. കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള നൂറുശതമാനം ഓഹരികളും കൈമാറാനാണ് നീക്കം. 1440 ജീവനക്കാരാണ് എച്ച്.എല്‍.എല്ലില്‍ പ്രവര്‍ത്തിക്കുന്നത്.

എച്ച്.എന്‍.എല്‍. അല്ല പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ്

സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കോട്ടയം ജില്ലയിലെ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ്, കേരള പേപ്പര്‍ േപ്രാഡക്ട്‌സ് ലിമിറ്റഡ് എന്നപേരിലാണ് പ്രവര്‍ത്തനം പുനരാരംഭിക്കുക. ഇതിനായി സ്‌പെഷ്യല്‍ ഓഫീസറെയും നിയമിച്ചുകഴിഞ്ഞു. ആകെയുള്ള 700 ഏക്കറില്‍ മുന്നൂറ് ഏക്കറില്‍ കേരള പേപ്പര്‍ േപ്രാഡക്ട്‌സും 400 ഏക്കറില്‍ കിന്‍ഫ്രയുടെ റബ്ബര്‍പാര്‍ക്കുമാണ് ആരംഭിക്കുക.

തലസ്ഥാനത്തെത്തുന്നത് ആയിരക്കണക്കിന് കോടിയുടെ നിക്ഷേപങ്ങള്‍

അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ തുറമുഖ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം രാജ്യത്തെ പ്രധാനപ്പെട്ട ട്രാന്‍സ്ഷിപ്മെന്റ് മേഖലയായി മാറും. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഈ രണ്ടു സംരംഭങ്ങളിലുമായി ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപമാണ് വരുംവര്‍ഷങ്ങളില്‍ തലസ്ഥാനത്തേയ്ക്ക് എത്തുക.

തലസ്ഥാനത്ത് വ്യോമയാനമേഖലയില്‍ കൂടുതല്‍ വികസനമുണ്ടാകുമെന്നാണ് വ്യവസായലോകം കണക്കാക്കുന്നത്. സ്വകാര്യമേഖലയില്‍ കൊച്ചി വിമാനത്താവളത്തിന്റെ വളര്‍ച്ച ഇതിനുദാഹരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യ സംരംഭകര്‍ മത്സരക്ഷമതയോടെ ഇടപെടുമ്പോള്‍ നിരക്ക് കുറയും. കൂടുതല്‍ സര്‍വീസുകള്‍ എത്തിക്കും – ഇങ്ങനെ നീളുന്നു പ്രതീക്ഷകള്‍ .

ടെക്നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനം പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ വിദേശ കമ്പനികള്‍ ഇവിടേയ്ക്ക് എത്തും. ഇവരെല്ലാം ആവശ്യപ്പെടുന്നത് തലസ്ഥാനത്ത് എത്തിച്ചേരാനുള്ള മികച്ച വ്യോമയാനശൃംഖലയാണ്.

Related posts

റേഷൻ കടകളിൽ ഡ്രോപ് ബോക്‌സുകൾ

Aswathi Kottiyoor

ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം

Aswathi Kottiyoor

ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ ന​ട​പ​ടി; ഒ​ന്നി​ലേ​റെ വോ​ട്ടി​ന് ശ്ര​മി​ച്ചാ​ൽ ഒ​രു വ​ർ​ഷം ത​ട​വ്

Aswathi Kottiyoor
WordPress Image Lightbox