Uncategorized

പന്തളം നഗരസഭയിൽ ബിജെപി ഭരണം നിലനിർത്തി, ഇടഞ്ഞ് നിന്ന 3 ബിജെപി കൗൺസിലർമാരും പിന്തുണച്ചു

പത്തനംതിട്ട: പന്തളം നഗരസഭയിൽ ബിജെപി വീണ്ടും ഭരണം നിലനിർത്തി. കൌൺസിലർ അച്ചൻകുഞ്ഞ് ജോണിനെ നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുത്തു. ഇടഞ്ഞ് നിൽക്കുന്ന മൂന്ന് ബിജെപി കൗൺസിലർമാരും അച്ചൻകുഞ്ഞ് ജോണിന് വോട്ട് ചെയ്തു. 19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങൾക്ക് പുറമെ സ്വതന്ത്രന്റെ വോട്ടും ബിജെപിക്ക് ലഭിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം വോട്ട് ചെയ്തില്ല. നാല് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

കേവല ഭൂരിപക്ഷത്തിൽ ബി.ജെ.പി ഭരിച്ചിരുന്ന നഗരസഭയിലെ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ബിജെപി വിമതന്റെ പിന്തുണയോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുന്നതിന് തലേന്നാളാണ് നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷും വൈസ് ചെയർപേഴ്സൺ യു. രമ്യയും രാജിവെച്ചത്.

ഇടത് വലത് മുന്നണികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു ബിജെപി പന്തളം നഗരസഭ ഭരണം പിടിച്ചത്. ശബരിമല പ്രക്ഷോഭത്തിന്റെ തുടർച്ചയായി വന്ന മാറ്റം എന്ന് വിലയിരുത്തൽ ഉണ്ടായി. എന്നാൽ ഭരണം തുടങ്ങിയത് മുതൽ തമ്മിൽ അടിയും തുടങ്ങി. നാലുവട്ടം വിജയിച്ചു കയറിയ കൗൺസിലർ കെ.വി പ്രഭയെ അവഗണിച്ചായിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് സുശീലാ സന്തോഷിനെ തീരുമാനിച്ചത്. വൈകാതെ കൗൺസിലർമാർ രണ്ട് തട്ടിൽ ആയി. ചേരിപോര് പന്തളതെ പാർട്ടിയിലേക്കും പടർന്നു. രണ്ട് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിട്ടു. ഇതിനെതിരെ പ്രവർത്തകർ നൽകിയ പരാതികൾ ബിജെപി സംസ്ഥാന നേതൃത്വമോ ജില്ലാ നേതൃത്വമോ പരിഗണിച്ചില്ല. ഒരു വിഭാഗം പ്രവർത്തകർ സിപിഎമ്മിലേക്ക് ചേക്കേറി. കെ വി പ്രഭയെ, സുശീല സന്തോഷ് അസഭ്യം പറയുന്ന വീഡിയോ പ്രചരിച്ചത് വലിയ നാണക്കേട് ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button