നല്ലേപ്പുള്ളി സ്കൂളിൽ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയ സംഭവം; പ്രതിഷേധം ശക്തമാക്കി സൗഹൃദകരോളുമായി യുവജനസംഘടനകൾ
പാലക്കാട്: പാലക്കാട് നല്ലേപ്പുള്ളി ഗവ.യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സൗഹൃദ കരോളുമായി യുവജന സംഘടനകൾ. സ്കൂളിന് മുന്നിലായിരുന്നു ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രതിഷേധ കരോൾ നടത്തിയത്. മതേതര കേരളത്തിൽ ആഘോഷങ്ങൾക്ക് ജാതിയുടെയോ മതത്തിന്‍റേയോ അതിർവരമ്പില്ലെന്ന് യുവജന സംഘടനകള്‍ ഒരേ സ്വരത്തിൽ പ്രതികരിച്ചു. മാട്ടുമന്ത മുതൽ നല്ലേപ്പുള്ളി യുപി സ്കൂൾ വരെ വർണാഭമായിരുന്നു കരോൾ.
കരോൾ പാട്ടും ഡാൻസുമായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നല്ലേപ്പിള്ളി സ്കൂളിലേക്കെത്തിയത്. കുട്ടികളുൾപ്പെടെ ഇതിൽ പങ്കെടുത്തു. കേരളത്തിന് ഒരു നന്മയുണ്ട്, അതിൽ വർഗീയതയുടെ വിഷം കലർത്താൻ ശ്രമിച്ചാൽ അതിനെ ജനകീയമായി തന്നെ പ്രതിരോധിക്കുെമെന്ന് സൂചിപ്പിക്കാനാണ് ഇന്ന് കരോൾ നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞു. പ്രതിഷേധ സൗഹൃദ കരോളാണ് യൂത്ത് കോൺഗ്രസ് നടത്തിയത്.