24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ശേഖരം തീരുന്നു, കല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം ഊര്‍ജ പ്രതിസന്ധിയിലേക്കോ.
Kerala

ശേഖരം തീരുന്നു, കല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം ഊര്‍ജ പ്രതിസന്ധിയിലേക്കോ.

ഊര്‍ജ്ജ ഉത്പാദനം ഗണ്യമായി ഉയരുകയും ഖനികള്‍ പലതും വെള്ളത്തിലാകുകയും ചെയ്തതോടെ രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷം. കഷ്ടിച്ച് നാല് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി ശേഖരം മാത്രമാണ് പല നിലയങ്ങളിലുമുള്ളത്. പകുതിയിലധികം നിലയങ്ങളും അടുത്ത ദിവസങ്ങളില്‍ തന്നെ പ്രവര്‍ത്തനം നിലയ്ക്കും. സ്ഥിതിഗതികള്‍ ഈ രീതിയില്‍ തുടര്‍ന്നാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പ്രതിസന്ധിയുണ്ടെന്ന് ഊര്‍ജമന്ത്രി ആര്‍.കെ സിങ് പ്രതികരിച്ചു. എങ്കിലും വലിയ പ്രതിസന്ധിയിലേക്ക് പോകാതെ കഷ്ടിച്ച് ആവശ്യം നിറവേറ്റി പോകാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മന്ത്രാലയങ്ങളുമായി ചേര്‍ന്ന് പ്രതിസന്ധി ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഊര്‍ജമന്ത്രാലയം.

രാജ്യാന്തര വിപണിയില്‍ കല്‍ക്കരിക്ക് വില കൂടിയത് ഇറക്കുമതിയേയും ബാധിച്ചു. 104 താപനിലയങ്ങളില്‍ 14,875 മെഗാവാട്ട് ശേഷിയുള്ള 15 നിലയങ്ങളില്‍ സെപ്റ്റംബര്‍ 30 ന് തന്നെ സ്റ്റോക് തീര്‍ന്നു. 39 നിലയങ്ങളില്‍ മൂന്നു ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി ശേഖരമേ അവശേഷിക്കുന്നുള്ളൂ. യൂറോപ്പിലും ചൈനയിലും അടക്കം കല്‍ക്കരി ഉപഭോഗം കൂടിയതോടെ ഇറക്കുമതിക്കുള്ള ചെലവും കൂടി. അടുത്ത ആറ് മാസം വരെ ഈ പ്രതിസന്ധി തുടരാനുള്ള സാധ്യതയും വിദഗ്ധര്‍ പറയുന്നുണ്ട്. വേനല്‍ മാറി ഒക്ടോബര്‍ പകുതിയോടെ കാലാവസ്ഥ മാറുകയും തണുപ്പാകുന്നതോടെ വൈദ്യുതി ഉപഭോഗം കുറയുകയാണ് പതിവ്.ഇന്ത്യയുടെ മൊത്ത വൈദ്യുത ഉത്പാദനത്തിന്റെ 70 ശതമാനത്തോളം വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങളാണ്. കല്‍ക്കരിക്ഷാമം വൈദ്യുത നിരക്കുകകളിലും വര്‍ദ്ധനയുണ്ടാക്കിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം രാജ്യത്തെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് എത്തുമ്പോള്‍ വൈദ്യുതി ആവശ്യവും കുത്തനേ ഉയര്‍ന്നു. പക്ഷെ കല്‍ക്കരി ഉല്‍പാദനത്തിലെ മാന്ദ്യം തിരിച്ചടിയാകുകയായിരുന്നു. കനത്ത മഴയില്‍ കല്‍ക്കരി ഖനികളില്‍ വെള്ളം കയറിയതും പ്രധാനപ്പെട്ട ഗതാഗത പാതകള്‍ വെള്ളത്തില്‍ മുങ്ങിയതുമാണ് ക്ഷാമത്തിന് കാരണം.

ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വിലയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മഴ കുറയുന്നതോടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ താപവൈദ്യുത നിലയങ്ങളിലെ മൊത്ത കല്‍ക്കരി സംഭരണം സെപ്റ്റംബര്‍ അവസാനത്തോടെ ഏകദേശം 8.1 ദശലക്ഷം ടണ്ണായി കുറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 76% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ടാം വാരത്തോടെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്കാകും രാജ്യം നീങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts

ഓണാഘോഷത്തിന് പിന്നാലെ പ്രതിദിനകേസുകൾ നാൽപ്പതിനായിരം കടക്കുമെന്ന് ആരോഗ്യവിദഗ്ധർ; ആശങ്ക

Aswathi Kottiyoor

തലസ്ഥാനത്ത് രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

Aswathi Kottiyoor

സഹജീവിതത്തിൽ വിവാഹമോചനത്തിന്‌ നിയമസാധുതയില്ല: ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox