സിപിഎം ജില്ലാ സമ്മേളനം; ഇന്ന് 2 മണി മുതൽ സുല്‍ത്താൻ ബത്തേരിയിൽ ഗതാഗത നിയന്ത്രണം, ബസ്സുകൾക്കടക്കം നിയന്ത്രണം
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ സിപിഎം ജില്ല സമ്മേളനം നടക്കുന്നതിനാല്‍ 23-ന് ഉച്ചക്ക് രണ്ടുമണി മുതല്‍ ബത്തേരി ടൗണില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരുക്കുമെന്ന് പൊലീസ് അറിയിച്ചു. പുല്‍പ്പളളി ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ബത്തേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം യാത്രക്കാരെ ഇറക്കി നഗരത്തിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകണമെന്ന് പൊലീസ് അറിയിച്ചു.
കല്‍പ്പറ്റ, മാനന്തവാടി ഭാഗത്ത് നിന്നും വരുന്ന ബസ്സുകളും മറ്റു വാഹനങ്ങളും യാത്രക്കാരെ ഹാപ്പി സെവന് ഡെയ്സ് സൂപ്പര്‍മാര്‍ക്കറ്റിന് സമീപമുളള അഖില പട്രോള്‍ പമ്പിന് മുന്‍വശത്ത് യാത്രക്കാരെ ഇറക്കി ടൗണിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകണം. വടക്കനാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകളും മറ്റു വാഹനങ്ങളും യാത്രക്കാരെ പെന്റെകോസ്റ്റല്‍ ചര്‍ച്ചിന് സമീപം യാത്രക്കാരെ ഇറക്കി നഗരത്തിലേക്ക് പ്രവേശിക്കാതെ തിരികെ പോകണം.
പൊന്‍കുഴി, മുത്തങ്ങ, കല്ലൂര്‍, തോട്ടാമൂല, കല്ലുമുക്ക്, മാതമംഗലം, കരിപ്പൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും മൂലങ്കാവില്‍ നിന്നും തിരിഞ്ഞ് തൊടുവെട്ടി വഴി പുതിയ ബസ് സ്റ്റാന്റില്‍ യാത്രക്കാരെ ഇറക്കി മടങ്ങണം. നഗരത്തിലേക്ക് പ്രവേശിക്കരുതെന്നാണ് നിർദ്ദേശം. വടുവഞ്ചാല്‍, അമ്പലവയല്‍, കൊളഗപ്പാറ വഴി വരുന്ന ബസ്സുകളും മറ്റു വാഹനങ്ങളും ഹാപ്പി സെവന് ഡെയ്സ് സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള അഖില പട്രോള്‍ പമ്പിന് സമീപം യാത്രക്കാരെ ഇറക്കി മടങ്ങണം. ടൗണിലേക്ക് പ്രവേശിക്കരുത്.
ചീരാല്‍, നമ്പ്യാര്ക്കുന്ന്, പാട്ടവയല്‍ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ രണ്ടാമത്തെ എന്‍ട്രന്‍സ് വഴി പുതിയ സ്റ്റാന്റില്‍ പ്രവേശിച്ച് ഒന്നാമത്തെ എന്‍ട്രന്‍സ് വഴി യാത്രക്കാരെ ഇറക്കി നഗരത്തിലേക്ക് കടക്കാതെ തിരികെ പോകണം. ചുളളിയേട്, താളൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും നഗരത്തിലേക്ക് പ്രവേശിക്കാതെ ഗാന്ധി ജംഗ്ഷന് വഴിയെത്തി പഴയ സ്റ്റാന്റില്‍ യാത്രക്കാരെ ഇറക്കണം.
കല്‍പ്പറ്റ, മാനന്തവാടി, വടുവഞ്ചാല്‍, അമ്പലവയല്‍, കൊളഗപ്പാറ വഴി മൈസൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ലുലു/ലയാര ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് അമ്മായിപ്പാലം വഴി പുത്തന്‍ക്കുന്ന്-നമ്പിക്കൊല്ലി വഴി മൈസൂര്‍ ഭാഗത്തേക്ക് പോകണം. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ചരക്ക് വാഹനങ്ങളും ലോറികളും ഉള്‍പ്പെടെയുള്ള മറ്റു വലിയ വാഹനങ്ങള്‍ കൊളഗപ്പാറ ജംഗഷന് മുന്‍പായി റോഡില്‍ അരിക് ചേര്‍ന്ന് നിര്‍ത്തിയിടണം. മൈസൂര്‍ ഭാഗത്ത് നിന്നും വരുന്ന ലോറികള്‍ ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങളും മറ്റും പഴയ ആര്‍ടിഒ ചെക്പോസ്റ്റിന് സമീപം റോഡരികില്‍ നിര്‍ത്തിയിടണമെന്നും പൊലീസ് അറിയിച്ചു.