27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സർക്കാർ സേവനം ജനങ്ങളുടെ അവകാശം: മുഖ്യമന്ത്രി
Kerala

സർക്കാർ സേവനം ജനങ്ങളുടെ അവകാശം: മുഖ്യമന്ത്രി

സർക്കാർ സേവനം ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സേവനം ഏകീകൃത പോട്ടൽ, എം -ആപ്പ്, നവീകരിച്ച സംസ്ഥാന പോർട്ടൽ എന്നിവ ഓൺലൈനിൽ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഓഫീസുകൾ കയറിയിറങ്ങുക, ഉദ്യോഗസ്ഥരെ മാറിമാറി കാണുക തുടങ്ങിയവയ്ക്ക് പരിഹാരം ഉണ്ടാകുകയാണ്. ജനങ്ങൾക്ക് തങ്ങളുടെ അവകാശം ലഭിക്കണം. അവർ എവിടെയാണോ അവിടെ സർക്കാരിന്റെ സേവനം ലഭ്യമാകണം. അതിനായാണ് ഓൺലൈനായി സേവനങ്ങൾ എടുക്കുന്നതും വീട്ടുപടിക്കൽ അവ എത്തിക്കാൻ ശ്രമിക്കുന്നതും. സെക്രട്ടേറിയറ്റടക്കം മിക്ക സർക്കാർ ഓഫീസുകളും ഇ-ഫയൽ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. ഒരു ഫയലിന്റെ സ്ഥിതി അറിയാൻ ജനങ്ങൾക്ക് ഇപ്പോൾ ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ലാത്ത അവസ്ഥ സംജാതമായിട്ടുണ്ട്.
ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ സുതാര്യമാവണം. അതിന്റെ പ്രയോജനം അവർക്ക് തടസമില്ലാതെ ലഭിക്കണം. കഴിഞ്ഞ അഞ്ചുവർഷം അതിനായി ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു. വിവിധ വകുപ്പുകളുടെ സേവനങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങളിലേക്ക് ഒട്ടേറെ മാർഗങ്ങൾ അവലംബിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നത് അടക്കമുള്ള സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയത് ഇതിലൊന്നാണ്. ഈ സേവനങ്ങളെല്ലാം ഒരു പോർട്ടലിൽ ലഭ്യമാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഈ ഡിജിറ്റൽ കാലഘട്ടത്തിൽ അതിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി, സർക്കാർ സേവനങ്ങൾ എങ്ങനെ നവീകരിക്കാമെന്നാണ് നോക്കുന്നത്.
പൊതുജനങ്ങൾ സർക്കാർ ഓഫീസുകളിലേക്ക് എത്തിച്ചേരുന്നതിന് പകരം, സർക്കാരിന് എങ്ങനെ ജനങ്ങളിലേക്ക് എത്തിച്ചേരാമെന്ന ആശയത്തിലൂന്നിയുള്ള നടപടിക്രമങ്ങളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വാതിൽപടി സേവനത്തിന് സർക്കാർ തയാറെടുക്കുന്നത്. ജനങ്ങൾക്ക് മാത്രമല്ല, ഉദ്യോഗസ്ഥർക്കുകൂടി പ്രയോജനകരമാവും ഇന്ന് നിലവിൽവന്ന പുതിയ സംവിധാനങ്ങൾ. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, മറ്റ് അവശതയനുഭവിക്കുന്നവർ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ ഇതിന്റെ സേവനം ലഭിക്കുന്നത്. ഘട്ടംഘട്ടമായി എല്ലാ വിഭാഗങ്ങൾക്കും ഈ സേവനം ലഭ്യമാക്കും.
വാതിൽപ്പടി സേവനം പോലെതന്നെ പ്രധാനമാണ് സങ്കേതികവിദ്യയെ ആശ്രയിച്ചുള്ള സേവനവും. അതിന് ഓൺലൈൻ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായാണ് നേരത്തെ കെ-ഫോൺ സംവിധാനം രൂപീകരിച്ചത്. സർക്കാർ സേവനങ്ങൾ ഓൺലെനിലൂടെ ജനങ്ങളിലേക്ക് എത്തിക്കണമെന്ന ഈ മന്ത്രിസഭയുടെ ആദ്യ യോഗത്തിലെ തീരുമാനമാണ് നിശ്ചയിച്ച തീയതിക്കുമുമ്പ് നടപ്പിലാക്കപ്പെടുന്നത്. അതിന് നേതൃത്വം നൽകിയ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളുടെ 500-ലധികം സേവനങ്ങളാണ് ഇ-സേവനം മുഖേന ലഭ്യമാക്കുന്നത്. വകുപ്പ് അടിസ്ഥാനത്തിലും ഉപഭോക്തൃവിഭാഗങ്ങളുടെ അടിസ്ഥാനത്തിലും സേവനങ്ങളെ രണ്ടായി തരം തിരിച്ചാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ തിരയുന്നതിനും കണ്ടെത്തുന്നതിനുമായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർ, വിദ്യാർത്ഥികൾ, സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ പെൻഷൻ, പൊതു ഉപയോഗ സേവനങ്ങൾ, മറ്റു സേവനങ്ങൾ എന്നിങ്ങനെ എട്ടായി തരം തിരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സേവനങ്ങൾ അക്ഷരമാല ക്രമത്തിലും ലഭ്യമാണ്.
m-Sevanam എന്ന മൊബൈൽ ആപ്പിൽ 450 സേവനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആൻഡ്രോയിഡ്, iOS എന്നീ പ്ലാറ്റ്ഫോമുകളിൽ ഈ ആപ്പ് ലഭ്യമാണ്. ഇതോടൊപ്പം കേരള സർക്കാരിന്റെ വെബ് പോർട്ടൽ ആയ https://kerala.gov.in/ നവീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന ഓൺലൈൻസേവനങ്ങളുടെ സ്ഥിതിവിവരങ്ങൾ ലഭ്യമാക്കുന്ന സർവീസ് ഡാഷ്ബോർഡും (http://dashboard.kerala.gov.in/) വികസിപ്പിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ പുറപ്പെടുവിയ്ക്കുന്ന, സർക്കുലറുകൾ, ഓർഡറുകൾ അറിയിപ്പുകൾ, വിജ്ഞാപനങ്ങൾ ടെൻഡറുകൾ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ഡോക്യുമെന്റ് റെപ്പോസിറ്റോറി പോർട്ടലും കേരള സ്റ്റേറ്റ് പോർട്ടലിന്റെ ഭാഗമായി വികസിപ്പിച്ചിട്ടുണ്ട്.

Related posts

തെരുവുനായ ബൈക്കിന് കുറുകേചാടി കോഴിക്കോട്ടും കൊല്ലത്തും അപകടം; മൂന്നുപേര്‍ക്ക് പരിക്ക്.

Aswathi Kottiyoor

ഉരുള്‍പൊട്ടലില്‍ കാണാതായ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തി; മഴക്കെടുതിയില്‍ ഇന്ന് മരണം ആറായി.*

Aswathi Kottiyoor

കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

Aswathi Kottiyoor
WordPress Image Lightbox