23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആണ്‍കുട്ടികള്‍ക്ക് മുണ്ടും ജുബ്ബയും പെണ്‍കുട്ടികള്‍ക്ക് കേരളസാരി; പുറത്തിറങ്ങും ‘കേരള’ ഡോക്ടര്‍മാര്‍.
Kerala

ആണ്‍കുട്ടികള്‍ക്ക് മുണ്ടും ജുബ്ബയും പെണ്‍കുട്ടികള്‍ക്ക് കേരളസാരി; പുറത്തിറങ്ങും ‘കേരള’ ഡോക്ടര്‍മാര്‍.

കനം കുറഞ്ഞ പലക ഒട്ടിച്ച പോലൊരു കറുത്ത തൊപ്പി. പാദംവരെ എത്തുന്ന കറുത്ത ഗൗൺ- ഈ വേഷം ഇട്ടുവന്നാലേ മെഡിസിൻ ബിരുദം സ്വീകരിക്കാനാവൂെയന്ന കാഴ്‌ചപ്പാടിന് ഭേദഗതി. കേരള ആരോഗ്യ സർവകലാശാലയാണ് ബിരുദദാനച്ചടങ്ങിനുവേഷം മാറ്റിനിശ്ചയിച്ചത്. ആൺകുട്ടികൾ മുണ്ടും ജുബ്ബയും. പെൺകുട്ടികൾ കേരളസാരിയും ബ്ലൗസും.

ഒക്ടോബർ അഞ്ചിന് സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ, പുതിയ ഡോക്ടർമാരെ പ്രഖ്യാപിക്കുന്ന ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ്ഖാനും മുണ്ടും ജുബ്ബയുമായിരിക്കും വേഷം. കേരളസാരിയിൽ പ്രൊ-ചാൻസലറായ ആരോഗ്യമന്ത്രി വീണാ ജോർജും ഉണ്ടാവും. രാജ്യത്ത് ആദ്യമായാണ് ഒരു സർവകലാശാല, ബിരുദദാനവേഷവിധാനം തദ്ദേശീയശൈലിയിലേക്ക് മാറ്റുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം 50 വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ് ചടങ്ങ്.

ആൺകുട്ടികളും പെൺകുട്ടികളും 2.8 മീറ്റർ നീളമുള്ള കസവുവേഷ്ടിയും തോളിൽ ധരിക്കും. വേഷ്ടി സർവകലാശാലതന്നെ വാങ്ങിനൽകും. അത് അവർക്കുതന്നെ എടുക്കാം. ബാക്കി വേഷങ്ങൾ കുട്ടികൾത്തന്നെ വാങ്ങണം. ആൺകുട്ടികൾക്ക് വെള്ള, അല്ലെങ്കിൽ ഇളംമഞ്ഞ കലർന്ന വെള്ളഷർട്ടാണ് വേണ്ടത്. പെൺകുട്ടികൾക്ക്‌ കേരളസാരിക്ക് ഇളംമഞ്ഞ കലർന്ന വെള്ള ബ്ലൗസാണ് നിർദേശിച്ചിരിക്കുന്നത്. സാരിക്കും ബ്ലൗസിനും വർണാഭമായ ബോർഡറുകളാവാം.

റാങ്ക് ജേതാക്കൾ, അവാർഡ് അടക്കമുള്ള മികവുകൾ നേടിയവർ എന്നിങ്ങനെയുള്ള 50 കുട്ടികളെയാണ് ചടങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അലോപ്പതി, ആയുർവേദം, ഹോമിയോ, നഴ്‌സിങ്, ഫാർമസി, ലബോറട്ടറി ടെക്‌നോളജി തുടങ്ങിയ മേഖലകളിൽനിന്ന് 15,000 ബിരുദ, ബിരുദാനന്തര വിദ്യാർഥികളാണ് ഇക്കുറി പുറത്തിറങ്ങുന്നത്. തത്‌സമയസംപ്രേഷണം സർവകലാശാലയുടെ വെബ്‌സൈറ്റിലെ യു ട്യൂബ് ലിങ്കിലൂടെ ഉണ്ടാവും.

ഇത്രനാളും വന്നിരുന്നത് ചെന്നൈ കോട്ടുകൾ

ചെന്നൈയിലെ ഒരു കമ്പനിയാണ് ഗൗണും തൊപ്പിയും ഇത്രനാളും സർവകലാശാലയിൽ എത്തിച്ചിരുന്നത്. കോവിഡുകാലത്തിത് ശരിയല്ല എന്ന കാഴ്‌ചപ്പാടാണ് കാരണമായത്. 12-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ സർവകലാശാലകൾ തുടങ്ങിയപ്പോൾമുതലുള്ള ശൈലിയാണ് ബ്രിട്ടീഷുകാർ ഭരിച്ച രാജ്യങ്ങളും പിന്തുടർന്നത്. ഇതു മാറ്റണമെന്ന് യു.ജി.സി. 2019-ൽ നിർദേശം നൽകിയിരുന്നു. ഇതുവരെ ആരും ഇത് നടപ്പാക്കിയിരുന്നില്ല.

നാടിന് ഇണങ്ങാത്ത വേഷം ഇനി വേണ്ട

ഗൗണും തൊപ്പിയും നമ്മുടെ നാടിന് ഇണങ്ങാത്ത ശൈലിയാണ്. പുതിയ മാറ്റത്തെ കുട്ടികൾ സ്വാഗതം ചെയ്തിട്ടുണ്ട്. -ഡോ. മോഹനൻ കുന്നുമ്മൽ, വി.സി., ആരോഗ്യ സർവകലാശാല.

Related posts

സാമ്പത്തിക വർഷാവസാനം: ട്രഷറി തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

Aswathi Kottiyoor

കേളകം നരിതൂക്കിൽ ഗോൾഡൻ& ഡയമണ്ട്സിന്റെ ആനിവേഴ്സറി ഓഫറുകളുടെ ഭാഗമായി കേളകം ഷോറൂമിൽ സമ്മാന കൂപ്പൺ ബമ്പർ നറുക്കെടുപ്പ് നടത്തി

Aswathi Kottiyoor

ബുധനാഴ്ച 52 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ

Aswathi Kottiyoor
WordPress Image Lightbox