22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • നവകേരളത്തിന്റെ ദിശയം വേഗവും തീരുമാനിക്കാൻ ഗവേഷണങ്ങൾക്കാകണം: മുഖ്യമന്ത്രി
Kerala

നവകേരളത്തിന്റെ ദിശയം വേഗവും തീരുമാനിക്കാൻ ഗവേഷണങ്ങൾക്കാകണം: മുഖ്യമന്ത്രി

നവകേരളത്തിലേക്കുള്ള പ്രയാണത്തിന്റെ ദിശയും വേഗവും തീരുമാനിക്കാൻ ശേഷിയുള്ളവയായി കേരളത്തിൽ നടത്തപ്പെടുന്ന ഗവേഷണങ്ങൾ വികസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ കൈരളി റിസർച്ച് അവാർഡ് ദാനചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ഉത്പാദനമേഖലയിലെ വളർച്ചയും അങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന അധികവിഭവത്തിന്റെ നീതിയുക്തമായ വിതരണവും അടങ്ങുന്നതാണ് നവകേരള സങ്കൽപം. സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്കൊപ്പം സാമൂഹിക നീതി ഉറപ്പാക്കുകയും ചെയ്യണം. കേരളം എത്രമാത്രം സവിശേഷമായാണ് ഉന്നതവിദ്യാഭ്യാസ മേഖലയെ നോക്കിക്കാണുന്നത് എന്നതിന്റെ ഉദാഹരണമാണ് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ മേൽനോട്ടത്തിലുള്ള കൈരളി ഗവേഷക അവാർഡുകൾ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരം അവാർഡ് ഏർപ്പെടുത്തുന്നത്.
വൈജ്ഞാനിക സമൂഹമെന്ന ലക്ഷ്യത്തിലേക്കാണ് നാം മുന്നേറുന്നത്. അതിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചയും നവീകരണവും സാധ്യമാക്കേണ്ടതുണ്ട്. വിജ്ഞാനത്തെ ഉത്പാദന പ്രക്രിയയുമായി ബന്ധിപ്പിക്കുകയും അതിലൂടെ ഉത്പാദന രംഗത്ത് വലിയ മുന്നേറ്റം സാധ്യമാകുകയും വേണം. അതിന് ഉന്നതവദ്യാഭ്യാസ രംഗത്തിന് വ്യവസായങ്ങളുമായി ജൈവവും സക്രിയവുമായി ബന്ധം ഉണ്ടാവണം. ഉന്നതവിദ്യഭ്യാസ രംഗത്ത് ഉത്പാദിപ്പിക്കപ്പെടുന്ന അറിവുകളെ വ്യവസായങ്ങളുമായി ബന്ധപ്പെടുത്തി വികസിപ്പിക്കണം. അതിലൂടെ നാട് നേരിടുന്ന പ്രശ്നങ്ങൾക്ക് ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും അടിസ്ഥാനപ്പെടുത്തി പരിഹാരം കാണാൻ കഴിയണം. അതിനുതകണം കേരളത്തിൽ നടക്കുന്ന ഗവേഷണങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൂതനവും ഗുണകരവുമായ അറിവുകളാൽ ഗവേഷണ കേന്ദ്രങ്ങൾ സജീവമാകേണ്ടതുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷയായിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഒരായുഷ്‌കാലം മുഴുവൻ ആർജ്ജിച്ചെടുത്ത അറിവ് സമൂഹത്തിൽ വിശാലമായി പ്രകാശം പരത്തുന്ന ആചാര്യാരെയാണ് നമ്മൾ ആദരിക്കുന്നത്. അറിവ് സമൂഹത്തിന്റെ ഗുണകരമായ പരിവർത്തനത്തിനായി ഉപയോഗിക്കേണ്ടതാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവർ വൈജ്ഞാന അന്വേഷണങ്ങൾ മുന്നോട്ട് കൊണ്ടുപോയത് എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
പ്രൊഫ. ശങ്കരൻ വല്യത്താൻ, പ്രൊഫ. കെ എൻ പണിക്കർ, ഡോ എം ആർ രാഘവവാര്യർ, പ്രൊഫ. സാബു തോമസ്, പ്രൊഫ. പി സനൽ മോഹൻ, ഡോ. സ്‌കറിയ സക്കറിയ, ഡോ. ഫ്രാങ്ക്‌ളിൻ ജെ, ഡോ. സുബോജ് ബേബിക്കുട്ടി, ഡോ. മധു എസ് നായർ, ഡോ. ദേവി സൗമ്യജ, ഡോ. സോന്തോഷ് മാണിച്ചേരി, ഡോ. ജബീൻ ഫാത്തിമ എം ജെ, ഡോ. ശ്രീലക്ഷ്മി എസ്, ഡോ. അൻഷിധ മായീൻ, ഡോ. സുജേത ശങ്കർ വി എന്നിവരാണ് 2020 ലെ അവാർഡ് ജേതാക്കൾ. ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി വി. വേണു, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

മഞ്ഞിൽ വിരിഞ്ഞ് മൂന്നാർ ; താപനില 2 ഡിഗ്രി

Aswathi Kottiyoor

ഫാ.​ സ്റ്റാ​ന്‍ സ്വാ​മി നുണക്കഥകളുടെ ഇര: കെ​സി​വൈ​എം

Aswathi Kottiyoor

രാഷ്ട്രീയ സ്വയംസേവ സംഘം പദസഞ്ചലനം നടത്തി.

Aswathi Kottiyoor
WordPress Image Lightbox