Uncategorized

സമീപ ഭാവിയിൽ ഉണ്ടാകാവുന്ന വിപത്ത്, അസുഖം മാറാത്ത സാഹചര്യമുണ്ടാകും; അശാസ്ത്രീയ മരുന്ന് ഉപയോഗത്തിൽ ആരോഗ്യമന്ത്രി

കൊച്ചി: ആന്‍റി മൈക്രോബിയൽ പ്രതിരോധം സമീപ ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ വിപത്തെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ്, വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എജ്യുക്കേഷൻ ( വി എച്ച് എസ് ഇ) വിഭാഗം നാഷണൽ സർവീസ് സ്കീമുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗഖ്യം സദാ ആൻറിബയോട്ടിക് സാക്ഷരത യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മൈലപ്ര മാർ കുര്യാക്കോസ് ആശ്രമം ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

അശാസ്ത്രീയമായ മരുന്ന് ഉപയോഗം മരുന്നുകൾ കൊണ്ട് അസുഖങ്ങൾ മാറാത്ത സാഹചര്യത്തിലേക്ക് എത്തിക്കും.
എൻഎസ്എസ് വോളന്റിയർമാർ സംസ്ഥാനത്തുടനീളം 343 പഞ്ചായത്തുകളിലെ വീടുകളിൽ സന്ദർശനം നടത്തി മുന്നറിയിപ്പ് നൽകുകയാണ്. അശാസ്ത്രീയമായ മരുന്നുപയോഗത്തിന്റെയും ആന്റിബയോട്ടികളുടെ അമിത ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചും ആൻറി മൈക്രോബിയൽ പ്രതിരോധം തടയുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളെ കുറിച്ചുമാണ് അവബോധം സൃഷ്ടിക്കുന്നത്.

ആന്റിബയോട്ടിക്കുകളുടെ അമിതഉപയോഗം തടയുന്നതിന് ആരോഗ്യവകുപ്പ് പ്രത്യേക പ്രവർത്തനങ്ങൾ നടത്തുകയാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടികൾ വിതരണം ചെയ്യുന്നതിന് വിലക്കുണ്ട്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് പരിശോധനകൾ നടത്തിവരുന്നു. ആൻറിബയോട്ടിക് മരുന്നുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് നീല കവറുകളിൽ നൽകുകയാണ് ഇപ്പോൾ.

വെറ്ററിനറി ഡോക്ടർമാരുടെ അനുവാദമില്ലാതെ ചിലർ കന്നുകാലികൾക്ക് ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നതായി കാണുന്നുണ്ട്. ഇവയുടെ പാൽ ഉപയോഗിക്കുന്നതും അപകടമാണ്. വെറ്റ് ബയോട്ടിക് എന്ന പേരിലുള്ള പ്രചാരണത്തിലൂടെ ഇതിനെതിരെ ബോധവത്കരണം നടത്തി വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button