Uncategorized

ട്രെയിൻ വൃത്തിയാക്കാൻ ഡ്രോണുകൾ പരീക്ഷിച്ച് ഇന്ത്യൻ റെയിൽവേ; പക്ഷേ രൂക്ഷ വിമര്‍ശനം

ഗുവാഹത്തി: ട്രെയിൻ കോച്ചുകൾ കഴുകുന്നതിനായി ഇന്ത്യൻ റെയിൽവേ ഉയർന്ന മർദ്ദമുള്ള ഡ്രോൺ ക്ലീനിംഗ് സംവിധാനങ്ങൾ പരീക്ഷിക്കാൻ തുടങ്ങി. ഡ്രോണുകളുടെ സഹായത്തോടെ അമൃത് ഭാരത് എക്‌സ്‌പ്രസ് വൃത്തിയാക്കുന്ന വീഡിയോ റെയിൽ‌വേ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്‌തു. എന്നാല്‍ ഇതിലും ചിലവ് കുറഞ്ഞ രീതികള്‍ ട്രെയിനുകള്‍ വൃത്തിയാക്കാനുണ്ടെന്ന് കാണിച്ച് ഏറെ വിമര്‍ശനം ഈ വീഡിയോകള്‍ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. ഇന്ത്യന്‍ റെയില്‍വേയുടെ മുന്‍ഗണനകളെ കുറിച്ചും ശക്തമായ വിമര്‍ശനങ്ങള്‍ ആളുകള്‍ ഉയര്‍ത്തുന്നു.

ട്രെയിന്‍ കഴുകാന്‍ ഡ്രോണുകള്‍

ഈ പുതിയ ഡ്രോൺ ക്ലീനിംഗ് സംവിധാനം ഉപയോഗിച്ച് ഗുജറാത്തിലെ ഉദ്‌ന-ബ്രഹ്മപൂർ അമൃത് ഭാരത് എക്‌സ്പ്രസ് വൃത്തിയാക്കുന്ന വീഡിയോ ആണ് റെയിൽ‌വേ മന്ത്രാലയം പോസ്റ്റ് ചെയ്‌തത്. ഈ വീഡിയോ വളരെപ്പെട്ടെന്ന് വൈറലുമായി. പരമ്പരാഗത മാനുവൽ സ്‌ക്രബ്ബിംഗിനെ ആശ്രയിക്കുന്നതിനുപകരം ഡ്രോണുകൾ ഉപയോഗിച്ച് ട്രെയിൻ മുഴുവനും കഴുകുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ. ഡ്രോൺ ട്രെയിനിലേക്ക് വെള്ളം തളിക്കുന്നതും പുറത്തുനിന്ന് വൃത്തിയാക്കുന്നതും വീഡിയോയിൽ കാണാം. ‘ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്ലീനിംഗ് അമൃത് ഭാരത് എക്‌സ്പ്രസിന് കളങ്കമില്ലാത്ത തിളക്കം നൽകുന്നു”- എന്ന അടിക്കുറിപ്പോടെയാണ് റെയിൽവേ മന്ത്രാലയം ഈ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

ഉയർന്ന മർദ്ദത്തിലുള്ള സ്പ്രേ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഡ്രോണുകൾ ആണിത്. അമൃത് ഭാരത് എക്‌സ്പ്രസിന്‍റെ 25 കോച്ചുകളും അര മണിക്കൂർ കൊണ്ട് ഈ ഡ്രോണുകൾ വൃത്തിയാക്കി. മൂന്ന് മണിക്കൂർ വരെ എടുക്കുന്ന സാധാരണ മാനുവൽ പ്രക്രിയയെ അപേക്ഷിച്ച് വളരെ കുറവ് സമയം മാത്രമാണിത്. ഡ്രോണുകൾ കോച്ചുകളുടെ മുകളിലേക്ക് പറക്കുകയും അവിടെ അഴുക്കും പൊടിയും നീക്കം ചെയ്യുന്നതിനായി ഉയർന്ന മർദ്ദത്തിൽ വെള്ളം തളിക്കുകയും ചെയ്യുന്നു. കോച്ചുകൾ വൃത്തിയാക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ഡ്രോണുകൾ. റെയിൽവേ സ്റ്റേഷൻ മേൽക്കൂരകൾ ഉൾപ്പെടെ എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലും വൃത്തിയാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button