Uncategorized

400 കോടിയുടെ സ്ഥലം തട്ടാൻ പൊലീസിന് ക്വട്ടേഷൻ, മുതലാളിയെ കുടുക്കാൻ ജീവനക്കാരനെതിരെ കള്ളക്കേസ്, നടപടി

മുംബൈ: മുതലാളിയെ കുടുക്കി സ്ഥലം തട്ടിയെടുക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത് പൊലീസുകാർ. തൊഴിലാളിയെ ലഹരിക്കേസിൽ കുടുക്കി മുതലാളിയെ വീഴിക്കാനുള്ള ശ്രമങ്ങൾ പാളിച്ച് സ്ഥാപനത്തിലെ സിസിടിവി. വിവാദമായതിന് പിന്നാലെ സസ്പെൻഷനിലായ പൊലീസുകാർക്കെതിരെ എഫ്ഐആർ. മുംബൈയിലെ ഖർ പൊലീസ് സ്റ്റേഷനിലാണ് അസാധാരണ സംഭവങ്ങൾ നടന്നത്. ഓഗസ്റ്റ് 30 ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ ലഹരിക്കേസിൽ ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ് ഐ അടക്കമുള്ള നാല് പൊലീസുകാർ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയ ശേഷമാണ് ഡിലാൻ എസ്റ്റ്ബെറിയോയെ അറസ്റ്റ് ചെയ്തത്.

ഇയാൾ ജോലി ചെയ്തിരുന്ന തൊഴിലുടമ ഷഹബാസ് ഖാൻ എന്ന 32കാരന്റെ ഉടമസ്ഥതയിലുള്ള 2 ഏക്കർ ഭൂമി ഒരു നിർമ്മാതാവിന് തട്ടിയെടുക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായിരുന്നു റെയ്ഡും അറസ്റ്റും. ഡിലാന്റെ പോക്കറ്റിൽ ഉദ്യോഗസ്ഥർ തന്നെ മയക്കുമരുന്ന് വയ്ക്കുന്ന ദൃശ്യങ്ങൾ സ്ഥാപനത്തിലെ സിസിടിവിയിൽ വ്യക്തമായിരുന്നു. ഇത് തെളിവാക്കി ഷഹബാസ് ഖാൻ നൽകിയ പരാതിയിൽ എസ്ഐ തുക്കാറാം ഓബ്ലെ, ഇമ്രാൻ ഷെയ്ഖ്, സാഗർ കാബ്ലെ, ദബാംഗ് ഷിൻഡേ എന്നീ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

ഇവർക്കെതിരായ വകുപ്പുതല അന്വേഷണം പൂർത്തിയായത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ വകോല പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മയക്കുമരുന്ന വച്ച് കള്ളക്കേസ് ചമച്ചത്, തട്ടിക്കൊണ്ട് പോകൽ, ആക്രമണം, പദവി ദുരുപയോഗം ചെയ്യൽ, അനധികൃതമായി തടഞ്ഞുവയ്ക്കൽ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഷഹബാസ് ഖാന്റെ കലീനയിലെ സ്ഥലത്തിന് 400 കോടി രൂപയാണ് വില മതിച്ചിരുന്നത്. ഇത് വിൽക്കുന്നതിനായി ചിലർ ഇയാളെ ബന്ധപ്പെട്ടിരുന്നുവെങ്കിലും 32കാരൻ താൽപര്യം കാണിച്ചിരുന്നില്ല. വസ്തുവിനോട് അമിതമായ ആഗ്രഹം തോന്നിയ ഒരു ഡെവലപ്പറാണ് ഇതിനായി പൊലീസിന് ക്വട്ടേഷൻ നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button