Uncategorized

തൃശൂർ ജില്ലയിലെ 9 തീരദേശ പഞ്ചായത്തുകളിൽ അടിയന്തരമായി കുടിവെള്ളം എത്തിക്കണം: ഹൈക്കോടതി

തൃശൂർ: തൃശൂർ ജില്ലയിലെ തീരദേശത്തിലുള്ള ഒമ്പത് പഞ്ചായത്തുകളിൽ അടിയന്തരമായി കുടിവെള്ളമെത്തിക്കാൻ ഹൈക്കോടതി നിർദേശം. നേരത്തെ, ശ്രീനാരായണപുരം പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിന് പുറപ്പെടുവിച്ച ഉത്തരവ് നാട്ടിക ഫർക്ക പദ്ധതിയ്ക്ക് കീഴിൽ വരുന്ന മറ്റു പഞ്ചായത്തുകളായ ഏങ്ങണ്ടിയൂർ, വാടാപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്‌പമംഗലം, മതിലകം, പെരിഞ്ഞനം തുടങ്ങിയിടങ്ങളിലും നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

കുടിവെള്ളം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കുമാണെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് കലക്ടർക്കും നിർദ്ദേശം നൽകി. ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായാൽ സെക്രട്ടറിമാർ ഉത്തരവാദികളായിരിക്കുമെന്നും കോടതി അറിയിച്ചു. പൈപ്പ് ലൈൻ വഴിയോ ടാങ്കർ ലോറിയിലോ കുടിവെള്ള വിതരണം ഉറപ്പ് വരുത്തണമെന്നായിരുന്നു 2023ലെ ഉത്തരവ്. തുടർച്ചയായ കുടിവെള്ള വിതരണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പി സീതി, ധർമരാജൻ എന്നിവർ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button