കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം: പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം ശിക്ഷ ; 20 ലക്ഷം രൂപ പിഴയൊടുക്കണം
കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് കോട്ടയം അഡീഷണൽ സെഷൻസ് കോടതി. പ്രതി 20 ലക്ഷം രൂപ പിഴയും ഒടുക്കണം. 2022 മാർച്ച് 7നാണ് കൊലപാതകം നടത്തിയത്.
ശിക്ഷയിൽമേൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഇന്നലെ പൂർത്തിയാക്കിയിരുന്നു. നിരപരാധി ആണെന്നും പ്രായം പരിഗണിച്ച് ഇളവുകൾ നൽകണമെന്ന് ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപൂർവങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷനും വാദിച്ചു. പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.
പ്രതിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകളെല്ലാം പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. കൊലപാതകം, വീട്ടിൽ കയറി ആക്രമിക്കൽ, ആയുധം കൈയ്യിൽ വയ്ക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ചുമത്തിയത്. 138 സാക്ഷികളെയും 96 രേഖകളേയും പ്രൊസിക്യൂഷൻ ഹാജരാക്കി. 2022 മാർച്ച് ഏഴിനാണ് ജോർജ് കുര്യൻ സഹോദരനെയും അമ്മാവനേയും വെടിവെച്ച് കൊന്നത്. സ്വത്ത് തർക്കത്തെതുടർന്നായിരുന്നു കൊലപാതകം.