കേളകം: ചെട്ട്യാംപറമ്പ് ഗവ. യുപി സ്കൂളിന് സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന സകൂൾ കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമം 14ന് വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സ്കൂളിൽ നടക്കുന്ന ഫലകം അനാച്ഛാദനം സണ്ണി ജോസഫ് എംഎൽഎ നിർവഹിക്കും. സ്കൂളിൽ ആദ്യം പ്രവേശനം നേടിയ പൂർവവിദ്യാർഥി ജോസഫ് കൊച്ചിത്തറ ആദ്യത്തെ കല്ലിടും.
സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്തംഗം മേരിക്കുട്ടി ജോൺസൺ ഉദ്ഘാടനം ചെയ്തു.കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് ഷിജോ പി. ചെറിയാൻ അധ്യക്ഷത വഹിച്ചു.
ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.ടി. ജെയ്സ്, പഞ്ചായത്ത് അംഗങ്ങളായ ലീലാമ്മ ജോണി, ടോമി പുളിക്കക്കണ്ടത്തിൽ, ഷാന്റി സജി, ബിജു, ബിനു മാനുവൽ, മുഖ്യാധ്യാപിക കുമാരി രാജേന്ദ്രൻ, പി.എൻ.രതീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.