22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ജനങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് പാചകവാതക വില
Kerala

ജനങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് പാചകവാതക വില

കോവിഡ് പ്രതിസന്ധിയിൽനിന്നു കരകയറാൻ പാടുപെടുന്ന ജനങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് പാചകവാതക വിലവർധന. ആയിരം രൂപയിലേക്ക് കുതിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില, വരുമാനം പോലും വഴിമുട്ടി നിൽക്കുന്ന ജനത്തിന് മറ്റൊരു ആഘാതമാകുകയാണ്. ജൂലൈയിൽ സെഞ്ചുറി തികച്ചശേഷം ഇതുവരെയും നൂറിൽനിന്നു താഴേക്കു പോരാൻ കൂട്ടാക്കാതെ പെട്രോൾ വില നിൽക്കുമ്പോഴാണ് ഗാർഹിക സിലിണ്ടർ വില ആയിരത്തിലേക്കു പായുന്നത്.

കഴിഞ്ഞ 62 ദിവസം കൊണ്ട് 75 രൂപയാണ് ഗാർഹിക സിലിണ്ടറിനു കൂടിയത്. ഈ വർഷം ഇതുവരെ 190 രൂപയുടെ വർധന. കഴിഞ്ഞ വർഷം ജൂലൈയിൽ ഏകദേശം 590നു മുകളിൽ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഒരു സിലിണ്ടറിന് കൊച്ചിയിൽ വില 891.50 രൂപ. തിരുവനന്തപുരം നഗരത്തിൽ 894 രൂപയും കോഴിക്കോട് നഗരത്തിൽ 893 രൂപയും. ഈ വിലവർധന സാധാരണക്കാരന്റെ വീട്ടുബജറ്റിനെയാണ് താളം തെറ്റിക്കുന്നത്.

വിറകടുപ്പുകളില്ലാത്ത, ഗ്യാസ് സിലിണ്ടറിനെ മാത്രം ആശ്രയിക്കുന്ന വീടുകളിൽ ഒരു മാസം ഒരു സിലിണ്ടർ ഓടിയാൽ ഭാഗ്യം എന്ന അവസ്ഥയാണ്. വീട്ടിൽ ഏകദേശം 25 ദിവസം ഒരു ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു വർഷം വേണ്ടത് ഏകദേശം 14 സിലിണ്ടറാണ്. വില ഓരോ മാസവും കൂടിക്കൊണ്ടിരിക്കുമ്പോൾ അടുക്കളയ്ക്കൊപ്പം ജനമനസ്സും പുകയുകയാണ്.

29 കോടി ഉപഭോക്താക്കൾ

ഇന്ത്യയിൽ ഏകദേശം 29 കോടി ഗാർഹിക സിലിണ്ടർ ഉപഭോക്താക്കളുണ്ടെന്നാണു കണക്ക്. കഴിഞ്ഞ 5 വർഷം കൊണ്ട് ഇരട്ടി വർധനയാണ് എൽപിജി ഉപഭോക്താക്കളുടെ എണ്ണത്തിൽ രാജ്യത്ത് ഉണ്ടായിട്ടുള്ളത്. 2015ൽ 14 കോടി ഉപഭോക്താക്കളായിരുന്നെങ്കിൽ 2021ൽ അത് ഇരട്ടിയായി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വനിതകൾക്ക് സൗജന്യ പാചകവാതക കണക്‌ഷൻ നൽകുന്ന പ്രധാനമന്ത്രിയുടെ ഉജ്വല പദ്ധതിയോടെ എൽപിജി ഉപയോഗത്തിന് ഗ്രാമപ്രദേശങ്ങളിലും വലിയ ഉണർവാണുണ്ടായത്. എന്നാൽ അടിക്കടിയുള്ള പാചകവാതക വില ജനത്തെ ആശങ്കയിലാക്കുന്നു.

എന്താണ് എൽപിജി?

ദ്രവീകൃത പെട്രോളിയം വാതകം എന്ന എൽപിജി ഒരു ഫോസിൽ ഇന്ധനമാണ്. ക്രൂഡ് ഓയിൽ അഥവാ പെട്രോളിയത്തിൽനിന്നാണ് പ്രധാനമായും വേർതിരിച്ചെടുക്കുന്നത്. പ്രകൃതിവാതകത്തിൽനിന്നും ഈ ഇന്ധനം ലഭിക്കാറുണ്ട്. കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതും തെളിമയുള്ളതുമായ എൽപിജിയുടെ പ്രധാന ഘടകങ്ങൾ പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നീ വാതകങ്ങളാണ്. ആയിരത്തിലധികം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇന്ധനമാണ് ഇത്. ക്രൂഡ് ഓയിൽ വില താഴണം

ക്രൂഡ് ഓയിൽ വിലതന്നെയാണ് പാചകവാതക വില നിർണയിക്കുന്ന പ്രധാന ഘടകം. കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് ബാരലിന് 20 ഡോളർ വരെ താഴ്ന്ന ക്രൂഡ് വില ഇന്ന് 74 ഡോളറിൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 66 ഡോളറിലേക്ക് താഴ്ന്നുവെങ്കിലും ദിവസങ്ങൾക്കുള്ളിൽ ക്രൂഡ് ഓയിൽ വില 70നു മുകളിലെത്തി. കഴിഞ്ഞ മൂന്നു മാസങ്ങളായി ക്രൂഡ് ഓയിൽ വില 65–74 ഡോളറിന് ഇടയിലാണ്. ജൂലൈയിലെ ശരാശരി വില 74 ഡോളർ. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുന്നതിനു പുറമേ, പാശ്ചാത്യ രാജ്യങ്ങളിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ എൽപിജി ഉപഭോഗം കൂടുമെന്നതിനാൽ വരും മാസങ്ങളിൽ വില കൂടാൻ തന്നെയാണ് സാധ്യത.

എഫ്ഒബി തീരുമാനിക്കും

ഇറക്കുമതി തുല്യത വില (ഐപിപി) അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ പാചകവാതക വില നിശ്ചയിക്കുന്നത്. രാജ്യാന്തര പാചകവാതക വില, കപ്പൽ ചാർജ്, ഇൻഷൂറൻസ്, കസ്റ്റംസ് തീരുവ, തുറമുഖ നികുതി, ഡോളറിന്റെ വിനിമയ നിരക്ക് എന്നിവയെല്ലാം ചേരുന്ന ഫ്രീ ഓൺ ബോർഡ് നിരക്കാണ് (എഫ്ഒബി) ഇതിൽ പ്രധാനം. ജനുവരിയിൽ 538 ഡോളർ/മെട്രിക് ടൺ ആയിരുന്ന എഫ്ഒബി ജൂലൈയിൽ 620 ഡോളർ/മെട്രിക് ടൺ എന്ന ഉയർന്ന നിരക്കിലാണ്.

ഈ വർഷത്തെ കണക്കുകൾ നോക്കിയാൽ എഫ്ഒബി നിരക്ക് ഏറ്റവും ഉയർന്ന നിലയിലെത്തിയതും ജൂലൈ മാസത്തിലാണ്. മേയിൽ 483 ഡോളർ/മെട്രിക് ടൺ ആയി താഴ്ന്ന ശേഷം ഘട്ടംഘട്ടമായി ഉയരുകയായിരുന്നു. 2019–20 കാലഘട്ടത്തിൽ എഫ്ഒബി 453 ആയിരുന്നപ്പോൾ രാജ്യത്ത് ഇന്ധനവില 680–750 രൂപയ്ക്കിടയിലായിരുന്നു. എഫ്ഒബി ഏറ്റവും ഉയർന്നത് 2011–14 കാലഘട്ടത്തിലാണ്; 880–899 ആയിരുന്നു ആ സമയത്തെ എഫ്ഒബി. പാചകവാതക വില രാജ്യത്ത് ഏറ്റവും ഉയർന്നതും ഈ സമയത്താണ്. ഒരു കിലോഗ്രാമിന് 45.88 രൂപ

എഫ്ഒബി 620 ഡോളർ/മെട്രിക് ടൺ എന്നു പറയുമ്പോൾ ഒരു കിലോഗ്രാം പാചകവാതകത്തിന് 45.88 രൂപ. അപ്പോൾ 14.2 കിലോഗ്രാമുള്ള സിലിണ്ടറിന്റെ വില 651.49 രൂപ. ഇന്ത്യയിൽ എത്തുമ്പോഴുള്ള അടിസ്ഥാന വിലയാണിത്. ഇതിനു പുറമേ ഇന്ധന കമ്പനികൾ ഈടാക്കുന്ന തുക, ബോട്ടിലിങ് ചാർജ്, ഡീലർ കമ്മിഷൻ, ജിഎസ്ടി തുടങ്ങിയ നിരക്കുകൾ കൂടി ചേർത്താണ് വിപണിവില നിശ്ചയിക്കുന്നത്. ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 5% ജിഎസ്ടിയാണുള്ളത്. ഇത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായാണ് (2.5%) ഈടാക്കുന്നത്. 2019 മുതലുള്ള ഡീലർ കമ്മിഷൻ 61.84 രൂപയാണ്.

Related posts

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ഓ​ൺ​ലൈ​നാ​യി പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യം

Aswathi Kottiyoor

കാർഷിക മേഖലയിലെ ആദ്യത്തെ ഗിന്നസ് റെജി ജോസഫിന്.

Aswathi Kottiyoor

കേ​ന്ദ്രം കൂ​ടു​ത​ൽ ഫ​ണ്ട് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി സ്തം​ഭി​ക്കു​മെ​ന്നു മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox