രോഷാകുലരായ യാത്രക്കാർ ട്രെയിനിന്‍റെ ഗ്ലാസ് ഡോർ കല്ലെറിഞ്ഞു തകർത്തു; പ്രകോപനം ഡോർ ഉള്ളിൽ നിന്ന് പൂട്ടിയത്
ലഖ്നൌ: ട്രെയിനിന്‍റെ വാതിൽ തുറക്കാത്തതിൽ രോഷാകുലരായ യാത്രക്കാർ ഗ്ലാസ് ഡോർ തല്ലിത്തകർത്തു. ഉത്തർപ്രദേശിലെ ബസ്തി റെയിൽവേ സ്‌റ്റേഷനിൽ അന്ത്യോദയ എക്‌സ്പ്രസിന്‍റെ ഡോർ അകത്തുനിന്ന് പൂട്ടിയതിൽ പ്രകോപിതരായ ഒരു കൂട്ടം യാത്രക്കാരാണ് ചില്ല് കല്ലുകൊണ്ട് എറിഞ്ഞുടച്ചത്. ട്രെയിനിന്‍റെ ജനൽ കമ്പി വളച്ചൊടിച്ച് അതിലൂടെയും അകത്ത് കയറാൻ യാത്രക്കാർ ശ്രമിച്ചു.
15101 അന്ത്യോദയ എക്‌സ്പ്രസിന് നേരെയായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഛപ്രയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു ട്രെയിൻ. കോച്ചുകളിൽ തിങ്ങിഞെരുങ്ങി ആളുകളുണ്ടായിരുന്നു. ഇതോടെ യാത്രക്കാർ ഉള്ളിൽ നിന്ന് ഡോർ പൂട്ടി. ഇതോടെയാണ് സ്റ്റേഷനിൽ ട്രെയിനിൽ കയറാനായി എത്തിയവരെ പ്രകോപിപ്പിച്ചത്. അവർ കല്ല് കൊണ്ട് ഡോർ തകർത്തും ജനലിന്‍റെ കമ്പി വളച്ചും അകത്തു കയറാൻ ശ്രമിച്ചു.
ട്രെയിനിന് നേരെ നടന്ന ആക്രമണത്തിന്‍റെ ദൃശ്യം ലഭിച്ചിട്ടുണ്ടെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ ചന്ദ്ര മോഹൻ മിശ്ര പറഞ്ഞു. ആക്രമിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.