24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആറളംഫാമിൽ ആനകളെ തുരത്തൽ തുടരുന്നു ശനിയാഴ്ച കാടുകയറ്റിയത് പത്തെണ്ണത്തെ
Iritty

ആറളംഫാമിൽ ആനകളെ തുരത്തൽ തുടരുന്നു ശനിയാഴ്ച കാടുകയറ്റിയത് പത്തെണ്ണത്തെ

ഇരിട്ടി : ആറളം ഫാമിലും സമീപ ജനവാസ കേന്ദ്രങ്ങളിലും തമ്പടിച്ചിരുന്ന കാട്ടാനകളെ കാടുകയറ്റൽ നടപടി തുടരുന്നു. ഇരുപതിലേറെ വരുന്ന കാട്ടാനക്കൂട്ടത്തിൽ ശനിയാഴ്ച പത്ത് മണിക്കൂറിലേറെ നടന്ന പരിശ്രമത്തിനൊടുവിൽ ഒരു കുട്ടിയാനയടക്കം പത്തെണ്ണത്തെ കാടുകയറ്റിവിട്ടു. ആറളം വന്യജീവി സങ്കേതത്തിലെയും കൊട്ടിയൂർ റേഞ്ചിലേയും 25 ഓളം വരുന്ന ആർ ആർ ടി , വനപാലകരുടെ സംഘമാണ് ആനകളെ തുരത്തൽ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. അവശേഷിച്ചവയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം വരും ദിവസങ്ങളിലും തുടരും. രാവിലെ ബ്ലോക്ക് ഒന്നിലെ പാലപ്പുഴ ഭാഗത്തു നിന്നാണ് ആനകളെ തുരത്തൽ സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്. പാലപ്പുഴ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ നാശം വിതക്കുന്ന കാട്ടാനകളെയും തുരത്താനായതായാണ് വനം വകുപ്പ് അധികൃതർ അറിയിച്ചത്. പാലപ്പുഴ – കീഴ്പ്പള്ളി റോഡ് കടത്തി കോട്ടപ്പാറവഴിയാണ് ആനകളെ കാട്ടിലേക്ക് വിട്ടത്. ഓടിക്കുന്നതിനിടയിൽ ചിലതെല്ലാം ചിതറി ഓടുകയും പലതവണ വനപാലകർക്കു നേരെ തിരിയുകയും ചെയ്തു. ലോഞ്ചർ ഉപയോഗിച്ച് പടക്കം പൊട്ടിച്ചും മറ്റുമാണ് ഇവയെ പിന്തിരിപ്പിച്ചത്.
തുരത്തിയവ തിരികെ ഫാമിൽ പ്രവേശിക്കാതിരിക്കാനായി അതിർത്തിയിൽ വേലി സ്ഥാപിച്ചിട്ടുണ്ട്. ആർ ആർ ടി സംഘത്തിന്റെ കാവലും ഏർപ്പെടുത്തി. കണ്ണൂർ ഡി എഫ് ഒ പി. കാർത്തിക്, ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്‌ന, കൊട്ടിയൂർ റേഞ്ചർ സുധീർ നാരോത്ത് എന്നിവരുടെ നേതൃത്വത്തിൽ നാല് ദിവസം മുൻപേ തുരത്താൻ നടപടികൾ തുടങ്ങിയിരുന്നു. ആദ്യദിവസം പതിനേഴോളം ആനകളെ വന്യജീവി സങ്കേതം അതിർത്തിവരെ എത്തിച്ചിരുന്നെങ്കിലും കനത്ത മഴയെത്തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടർ ദിവസങ്ങളിലും മഴതുടർന്നതിനെത്തുടർന്ന് തുരത്തൽ നിർത്തിവെച്ചു. ആറളം എസ് ഐ വി.വി. ശ്രീജേഷിന്റെ നേതൃത്വത്തിൽ പോലീസും സുരക്ഷാ ഒരുക്കാൻ എത്തിയിരുന്നു .

Related posts

താലൂക്ക് ആസ്പത്രി ഡയാലിസിസ് യൂണിറ്റിന് വിദ്യാർത്ഥികളുടെ കൈതാങ്ങ്

Aswathi Kottiyoor

ലഹരി വില്പന സംഘത്തിലെ പ്രധാന കണ്ണി അരക്കിലോയോളം കഞ്ചാവുമായി പേരാവൂർ എക്‌സൈസിന്റെ പിടിയിലായി………..

Aswathi Kottiyoor

ഭിന്നശേഷി കലോത്സവം നടത്തി

Aswathi Kottiyoor
WordPress Image Lightbox