എറണാകുളം – കായംകുളം പാസഞ്ചറിന് നേരേ വീണ്ടും കല്ലേറ്; ഒരാൾക്ക് പരുക്ക്, ശക്തമായ നടപടി ആവശ്യപ്പെട്ട് യാത്രക്കാർ

എറണാകുളം കായംകുളം പാസഞ്ചറിന് നേരേ തുടർച്ചയായ രണ്ടാം ദിവസവും കല്ലേറ്. വൈകുന്നേരം 6.25 ന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന 56319 കായംകുളം പാസഞ്ചറിന് നേരേയാണ് നെട്ടൂരിനു സമീപം കല്ലേറ് ഉണ്ടായത്. ആക്രമണത്തിൽ യാത്രക്കാരന് പരുക്കേറ്റു. വലിയ കല്ല് സൈഡ് വിൻഡോയിൽ തട്ടിയതിനാൽ മാത്രം ആണ് പരുക്ക് ഗുരുതരമാകാതിരുന്നത്.
ഈ ഭാഗത്ത് തുടർച്ചയായി രണ്ടാം ദിവസമാണ് കല്ലേറുണ്ടായിരിക്കുന്നത്. ഇത് ട്രെയിൻ യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. യാത്രക്കാർ കടുത്ത ആശങ്കയിലാണ്. പോലീസ് പ്രട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും പ്രതികളെ കണ്ടെത്തി കഠിന ശിക്ഷ ഉറപ്പാക്കണമെന്നും Friends on Rails ഭാരവാഹികൾ ആവശ്യപ്പെട്ടു.
സമീപകാലത്ത് വന്ദേഭാരതടക്കം പല വണ്ടികൾക്ക് നേരേയും കല്ലേറ് നടന്നെങ്കിലും പിടിക്കപ്പെടുന്നവർക്ക് മതിയായ ശിക്ഷ ലഭിക്കാത്തതും സാമൂഹ്യ വിരുദ്ധരെ ഇത്തരം പ്രവർത്തികൾക്ക് പ്രേരിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ട്രെയിൻ യാത്ര സുരക്ഷിതമാക്കാൻ വേണ്ട എല്ലാ നടപടികളും റെയിൽവേ അധികൃതർ കൈക്കൊള്ളണമെന്നാണ് യാത്രക്കാരുടെ ആവശ്യം.




