രാജ്യത്തെ അവശ്യ മരുന്നുകളുടെ പട്ടിക പുതുക്കി. 39 പുതിയ മരുന്നുകൾ കൂട്ടിച്ചേർക്കുകയും 16 എണ്ണം ഒഴിവാക്കുകയും ചെയ്തു. പുതുതായി കൂട്ടിച്ചേർത്ത മരുന്നുകളിൽ ഏറെയും കാൻസർ, ഹൃദ്രോഗ ചികിത്സകൾക്കുള്ളവയാണ്. അസാസിറ്റിഡിൻ, ഫുൾവെസ്ട്രന്റ്, ലെനലിഡോമൈഡ്, ട്രിഹൈഡ്രേറ്റ് എന്നിവയടക്കമുള്ള കാൻസർ മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇതോടെ കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വിലയിൽ 80% വരെ കുറവുണ്ടാകും. അമിക്കാസിനും ഫിനോക്സിമിതൈൽ പെനിസിലിനും അടക്കം ഏഴ് ആന്റിബയോട്ടിക്കുകകളും പുതിയ പട്ടികയിലുണ്ട്. ക്ഷയം, പ്രമേഹം, കോവിഡ്, രക്താതിസമ്മർദം എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയും കുറയും. അവശ്യമരുന്നുകളുടെ പട്ടികയിൽ കൂട്ടിച്ചേർക്കലും വെട്ടിച്ചുരുക്കലും നടത്തിയതോടെ ഇതിലെ മരുന്നുകളുടെ എണ്ണം 374 ആയി. ഇതോടുകൂടി രാജ്യത്ത് വിൽപ്പനയിലുള്ള മരുന്നുകളുടെ 18% വിലനിയന്ത്രണത്തിന്റെ പരിധിക്കുള്ളിലായി.
പുകവലിയിൽനിന്നു വിമുക്തി നേടാനുള്ള നിക്കോട്ടിൻ റീ പ്ലെയ്സ്മെന്റ് തെറാപ്പിയും പട്ടികയിലുണ്ട്. ഫലപ്രദമല്ലെന്നു കണ്ടെത്തിയ 16 മരുന്നുകളാണ് പട്ടികയിൽനിന്ന് ഒഴിവാക്കിയത്.
കേന്ദ്ര ആരോഗ്യ ഗവേഷണ സെക്രട്ടറിയും ഐസിഎംആർ മേധാവിയുമായി ബൽറാം ഭാർഗവയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പട്ടിക പുതുക്കിയത്. അഞ്ചു വർഷം കൂടുന്പോഴാണ് അവശ്യമരുന്നുകളുടെ പട്ടികയിൽ കൂട്ടിച്ചേർക്കലുകളും വെട്ടിച്ചുരുക്കലും നടത്തുന്നത്.
അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പുതിയ മരുന്നുകൾ
• അമിക്കാസിൻ
• അസാറ്റിഡൈൻ
• ബെഡാക്വിലൈൻ
• ബെൻഡാമുസ്റ്റൈൻ ഹൈഡ്രോക്ലോറൈഡ്
• ബൂപ്രിനോർഫിൻ, ബൂപ്രിനോർഫിൻ പ്ലസ്
നലോക്സോണ്
• സെഫുറോക്സിം
• ഡാബിഗാട്രാൻ
• ഡക്ലാറ്റാസ്വിർ
• ഡാറുനാവിർ പ്ലസ് റിറ്റോനാവിർ, ഡെലാമാനിഡ്
• ഡൊലൂറ്റെഗ്രാവിർ
• ഫ്ളൂഡറാബൈൻ
• ഫ്ളൂഡ്രോകോർടിസോണ്
• ഫുൾവെസ്ട്രന്റ്
• ഇൻസുലിൻ ഗ്ലാർഗിൻ
• ഇറിനോട്ടെകാൻ എച്ച്സിഎൽ
• ട്രിഹൈഡ്രേറ്റ്
• ഇട്രാകോണാസോൾ
• ഐവർമെക്ടിൻ
• ലാമിവുഡിൻ
• ലാറ്റനോപ്രോസ്റ്റ്
• ലിനാലിഡോമിൻ
• മോണ്ടിലുകാസ്റ്റ്്
• മുപിറോസിൻ
• നിക്കോട്ടിൻ റീപ്ലെയ്സമെന്റ് തെറാപ്പി
• നിറ്റാസോക്സനൈഡ്
• ഓർമലോക്സിഫൈൻ
• ഫിനോക്സിമീതൈൽ പെനിസിലിൻ
• പ്രോകെയിൻ ബെൻസി പെനിസിലിൻ
• റോട്ടാവൈറസ് വാക്സിൻ
• സെനിഡസോൾ
• ടെനലിഗ്ലിപ്റ്റിൻ
• ടെനോഫോവിർ പ്ളസ് ലാമിവുഡിൻ പ്ലസ്
ഡൊലൂറ്റെഗ്രാവിർ
• ടെനോഫോവിർ പ്ലസ് അലാഫെനാമൈഡ് ഫുമാററ്റെ
• ടെർബിനാഫൈൻ
• വൾഗാനി ക്ലോവിർ