കോവിഷീല്‍ഡ് വാക്സിന്റെ രണ്ടു ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള നല്‍കുന്നത് കോവിഡിനെതിരേ മികച്ച സംരക്ഷണം ഉറപ്പാക്കുമെന്ന വിദഗ്ധാഭിപ്രായത്തെത്തുടര്ന്നാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. തുടര്‍ന്നു സിംഗിള്‍ ബെഞ്ച് ഹര്‍ജി വിധി പറയാന്‍ മാറ്റി.
ആദ്യഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞു മതി രണ്ടാമത്തെ ഡോസെന്നു തീരുമാനിച്ചതു ശാസ്ത്രീയ തെളിവുകള്‍കൂടി പരിഗണിച്ചാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന് വ്യക്തമാക്കി. കിറ്റെക്സ് കമ്പനിയിലെ 12,000 ത്തോളം വരുന്ന തൊഴിലാളികള്‍ക്ക് ആദ്യഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞതിനാല്‍ രണ്ടാം ഡോസ് എടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനി നല്കിയ ഹര്‍ജിയിലാണു വിശദീകരണം നല്‍കിയത്.