Uncategorized

പരീക്ഷാഫലം പുറത്തുവന്ന സംഭവം; കണ്ണൂർ സർവകലാശാല വിസിക്കെതിരെ കോളേജ് പ്രിൻസിപ്പൽ, ‘പിഴവ് സർവകലാശാലയുടേത്’

കണ്ണൂർ: ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് പരീക്ഷാഫലം പുറത്തുവന്ന സംഭവത്തിൽ കണ്ണൂർ സർവകലാശാല വിസിക്കെതിരെ കോളേജ് പ്രിൻസിപ്പൽ. പിഴവ് സർവകലാശാലയ്ക്കെന്ന് പൈസക്കരി ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. എം ജെ മാത്യു ആരോപിച്ചു. പരീക്ഷാഫലം ഉച്ചയ്ക്ക് രണ്ടരക്ക് പ്രിൻസിപ്പൽമാർക്കുള്ള പോർട്ടലിൽ വന്നു. ഇത് ഡൗൺലോഡ് ചെയ്ത് വിദ്യാർത്ഥികൾക്ക് നൽകിയെന്ന് ഡോ. എം ജെ മാത്യു പറഞ്ഞു. ടെസ്റ്റാണെന്നും പുറത്തുവിടരുതെന്നും രജിസ്ട്രാർ വിളിച്ചുപറഞ്ഞത് നാല് മണിക്കാണ്. ഇപ്പോൾ കോളേജിനെ പഴിചാരി പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രിൻസിപ്പൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഇന്നലെയാണ് കണ്ണൂർ സർവകലാശാല ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷാഫലം ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുൻപ് പുറത്തുവന്നത്. പ്രിൻസിപ്പൽമാരുടെ പോർട്ടലിൽ മുൻകൂട്ടി അപ്‌ലോഡ് ചെയ്ത ഫലമാണ് പുറത്തായത്. ഔദ്യോഗികമായി പുറത്തു വരുന്നതിന് മണിക്കൂറുകൾക്കു മുൻപേ പരീക്ഷാഫലം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചു. ഇതിന് പിന്നാലെ 6 മണിയോടെയാണ് ഒന്നാം സെമസ്റ്റർ പരീക്ഷാഫലം ഔദ്യോഗികമായി പുറത്തുവന്നത്. കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസാണ് ഫലം ചോർന്നെന്ന ആരോപണം ഉന്നയിച്ചത്. ഒരാഴ്ചക്കുള്ളിൽ ഫലപ്രഖ്യാപനം നടത്തിയത് നേട്ടമായി അവതരിപ്പിച്ച സർവകലാശാലക്ക് വീഴ്ച കല്ലുകടിയായി.

19 ന് വൈകീട്ട് 6 മണിക്ക് ആരംഭിച്ച് രാത്രിയോടെ മുഴുവൻ ഫലങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാവുന്ന വിധത്തിലാണ് റിസൽട്ട് ഷെഡ്യൂളിങ്ങ് നടത്തിയത്. എന്നാൽ ഇതിന് കുറച്ച് മുൻപ് ടെസ്റ്റിംഗിന്റെ ഭാഗമായി കോളേജ് പ്രിൻസിപ്പൽമാരുടെ ഔദ്യോഗിക പ്രൊഫൈലിൽ ഫലം ലഭ്യമാക്കിയിരുന്നു. കോളേജ് പ്രിൻസിപ്പലിന്റെ ഔദ്യോഗിക പ്രൊഫൈലിൽ അങ്ങനെയെത്തിയ ഫലമാണ് പുറത്ത് എന്ന പേരിൽ പ്രചരിച്ചതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് വൈസ് ചാൻസിലർ അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button