‘കെഎസ്എഫ്ഇ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റി’; വയനാട്ടിലെ ദുരന്ത ബാധിതർക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ചെയർമാൻ
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കെഎസ്എഫ്ഇ ചെയര്മാൻ കെ വരദരാജൻ പറഞ്ഞു. വയനാട് ദുരന്തബാധിതര്‍ക്ക് നോട്ടീസ് നൽകിയ നടപടി നിര്‍ത്തിവെക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് നൽകിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടികള്‍ നിര്‍ത്തിവെക്കാനുള്ള നിര്‍ദേശം നൽകിയത്.
വയനാട് ദുരന്തബാധിതരെ റിക്കവറി നടപടകളിൽ നിന്ന് ഒഴിവാക്കുമെന്നും വാര്‍ത്തയിലൂടെയാണ് താൻ നോട്ടീസ് നൽകിയ കാര്യം അറിഞ്ഞതെന്നും ചെയര്മാൻ വരദരാജൻ പറഞ്ഞു. നോട്ടീസ് കൊടുത്ത ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചയാണിത്. വയനാട് ദുരന്ത ബാധിതര്‍ക്കെതിരെ ഇനി ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ലെന്ന് തീരുമാനം എടുത്തിരുന്നതാണ്. അങ്ങനയിരിക്കെ ഇത്തരത്തിൽ നോട്ടീസ് നൽകിയത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാൻ കോഴിക്കോട് കെഎസ്എഫ്ഇ റിജ്യണൽ മേധാവിയോട് നിര്‍ദേശം നൽകിയിട്ടുണ്ടെന്നും വരദരാജൻ പറഞ്ഞു.